കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നിയമപരമായി നീങ്ങാൻ സംസ്ഥാന സർക്കാർ

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ നിയമപരമായി നീങ്ങാൻ സംസ്ഥാന സർക്കാർ. വിവേചനം ചൂണ്ടിക്കാട്ടി കോടതി സമീപിക്കാനാണ് ആലോചന. എന്തു കാരണത്താലാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്രം വ്യക്തത വരുത്തിയശേഷം ഇതിൽ അന്തിമ തീരുമാനമെടുക്കും. കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയക്കും. ( cm pinarayi vijayan against union government over decision to cut down borrowing limit )
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 32,442 കോടിയിൽ നിന്നും 15390 കോടിയായിട്ടാണ് വെടിക്കുറച്ചത്. ഇതു സംസ്ഥാനത്തോടുള്ള വിവേചനമാണെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. മറ്റു സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഹിതം നൽകുമ്പോൾ കേരളത്തിന്റെ അർഹമായ വിഹിതം പോലും നൽകാൻ തയാറാകുന്നില്ല. ഇതിനെതിരെ നിയമപരമായി നീങ്ങാൻ സർക്കാരിന് നേരത്തെ തന്നെ നിയമോപദേശം ലഭിച്ചിരുന്നു. കേന്ദ്ര നടപടി അസാധാരണവും കേരളത്തിന്റെ അവകാശങ്ങളെ കവരുന്നതുമാണെന്ന് വിലയിരുത്തിയാണ് നിയമനടപടിക്ക് ആലോചിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാൻ ആലോചന. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം കേന്ദ്രം വ്യക്തത വരുത്തിയശേഷമാകും. എന്തു കാരണത്താലാണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്രം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
പരിധി വെട്ടിക്കുറച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പരിധി വെട്ടിക്കുറച്ചതിൽ കേന്ദ്രം ഇന്ന് നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനം കത്തയക്കും. പരിധി വെട്ടിക്കുറയ്ക്കുമ്പോൾ തന്നെ കാരണവും വ്യക്തമാക്കുകയാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് ഇത്തവണയുണ്ടായത്. കേന്ദ്ര നിലപാട് സംസ്ഥാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ശമ്പളം, പെൻഷൻ എന്നിവയേയും ബാധിക്കും. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പല പദ്ധതികളും ഏറ്റെടുക്കാതെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകും. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ധനകാര്യവകുപ്പ് വ്യക്തമാക്കുന്നത്.
Story Highlights: cm pinarayi vijayan against union government over decision to cut down borrowing limit