ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെതിരെ യാത്രക്കാർ നിയമ നടപടിക്കൊരുങ്ങുന്നു

ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പ് ഇല്ലാതെ റദ്ദാക്കിയതിനെതിരെ യാത്രക്കാർ നിയമ നടപടിക്കൊരുങ്ങുന്നു. സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാർ അറിയുന്നത് പിറ്റേ ദിവസമാണ്. നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ട വേദികളിൽ പരാതി നല്കുമെന്ന് യാത്രക്കാർ പറഞ്ഞു.
കഴിഞ്ഞ 2 ദിവസങ്ങളിലായി ജിദ്ദയിൽ നിന്നും കരിപ്പൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൻറെ സർവീസുകൾ റദ്ദാക്കിയത് മൂലം നൂറുക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. കൃത്യമായ വിവരം മുൻകൂട്ടി യാത്രക്കാരെ അറിയിക്കാത്തത് കൊണ്ട് രണ്ടും മൂന്നും തവണ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ജിദ്ദാ വിമാനത്താവളത്തിൽ പോയി മടങ്ങി.
ഒരു ദിവസത്തിന് ശേഷമാണ് സർവീസ് റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കുന്നത്. ചെറിയ അവധിക്കു നാട്ടിൽ പോകുന്നവരും, സന്ദർശക വിസയുടെ കാലാവധി തീരാറായവരും, നാട്ടിൽ മരിച്ചവരുടെ ബന്ധുക്കളും, പരീക്ഷ എഴുതാനുള്ള വിദ്യാർഥിളും, രോഗികളും ഉൾപ്പെടെയുള്ളവരുടെ യാത്രയാണ് മുടങ്ങിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യാത്രക്കാരനായ ജിദ്ദ കെ.എം.സി.സി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 9:45-നു പുറപ്പെടേണ്ട എസ്.ജി 36 വിമാനം 3 തവണ സമയം മാറ്റി അവസാനമാണ് സർവീസ് റദ്ദാക്കിയത്. ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യുന്നതിനെ കുറിച്ച് പല യാത്രക്കാർക്കും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ തുക നല്കി മറ്റു വിമാനങ്ങളിൽ ടിക്കറ്റ് എടുത്താണ് പല യാത്രക്കാരും പിന്നീട് നാട്ടിലേക്കു യാത്ര ചെയ്തത്. വ്യാഴാഴ്ച വൈകി പുറപ്പെട്ട വിമാനം കരിപ്പൂരിനു പകരം കൊച്ചിയിൽ ഇറങ്ങിയത് മൂലം യാത്രക്കാർ വിമാനത്തിനകത്ത് നിന്നും പ്രതിഷേധിച്ചിരുന്നു.
Story Highlights: Legal action by passengers against cancellation of Spice Jet flight from Jeddah to Karipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here