വയനാട് പുല്‍പ്പള്ളിയിലെ വായ്പ്പാത്തട്ടിപ്പിൽ കർഷകൻ്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ കളക്ടറും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയും 15 ദിവസത്തിനകം സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് നിർദ്ദേശം നൽകി. കേസ് കൽപറ്റയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും. Human Rights Commission registered case on Rajendran’s suicide
വയനാട് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരൻ ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് മരണം. രാജേന്ദ്രന് 40 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്നാണ് ബാങ്ക് രേഖകളിലുള്ളത്. എന്നാൽ 80,000 രൂപ മാത്രമാണ് വായ്പയെടുത്തതെന്നും ബാക്കി തുക തന്റെ പേരിൽ കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണസമിതി തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Read Also: പുല്‍പ്പള്ളിയിലെ കര്‍ഷക ആത്മഹത്യ; ആരോപണങ്ങള്‍ നിഷേധിച്ച് ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ എബ്രഹാം
ഇതിനിടെ സംഭവത്തിൽ ആരോപണവിധേയനായ കെ കെ എബ്രഹാമിനെ കസ്റ്റഡിയിലെടുത്തു. ക്രമക്കേട് നടന്ന കാലയളവിൽ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു എബ്രഹാം. കസ്റ്റഡിയിലെടുത്ത എബ്രഹാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. വായ്പകൾ ക്രമവിരുദ്ധമായി നൽകിയത് കെ കെ എബ്രഹാമായിരുന്നു എന്നാണ് കേസിലെ പ്രധാന ആരോപണം. ബാങ്ക് മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യനാണ് എബ്രഹാമിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
എന്നാൽ സംഭവത്തിൽ തനിക്ക് നേരെയുള്ള ആരോപണങ്ങള്‍ തള്ളി കെ കെ എബ്രഹാം രംഗത്തെത്തി. രാജേന്ദ്രന്‍ നായരുടെ മരണം ദൗര്‍ഭാഗ്യകരമെന്ന് ബാങ്ക് മുന്‍ പ്രസിഡന്റ് എബ്രഹാം പറഞ്ഞു. രാഷ്ട്രീയലക്ഷ്യം വച്ചാണ് തന്നെ വേട്ടയാടുന്നത്. വീടുപണിയാനാണ് വായ്പ എന്ന് പറഞ്ഞാണ് രേഖകളുടെ അടിസ്ഥാനത്തില്‍ രാജേന്ദ്രന്‍ നായര്‍ക്ക് 25 ലക്ഷം രൂപ വായ്പ അനുവദിച്ചത്. 15 ലക്ഷം രൂപ മുടക്കി അദ്ദേഹം വീട് പണിതതായാണ് അറിയുന്നത്. പശുക്കളുടെ ഫാമും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പശുക്കള്‍ ചത്തു പോയതിന്റെ മനോവിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും കെ കെ എബ്രഹാം പറഞ്ഞു.
Story Highlights: Human Rights Commission registered case on Rajendran’s suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here