Advertisement

ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യ കണ്ട ഏറ്റവും വലിയ റയിൽവെ ദുരന്തങ്ങളിൽ ഒന്ന്

June 3, 2023
Google News 3 minutes Read
Image of Odisha Train Accident

ഇരുനൂറിലധികം പേർ മരണപ്പെടുകയും 1000ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഒഡിഷയിലെ ട്രെയിൻ അപകടം ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്. ഷാലിമറിൽനിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊൽക്കത്ത – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം ഗുഡ്സ് ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡൽ ‍എക്സ്പ്രസിന്റെ 15 ബോഗികൾ പാളം തെറ്റിയിരുന്നു. പാളം തെറ്റിയ ബോഗികളിലേക്ക് സമീപത്തെ ട്രാക്കിലൂടെയെത്തിയ ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയതോടെയാണ് ദുരന്തത്തിന്റെ തീവ്രത വർധിച്ചത്. Odisha Train Accident: One of the Deadliest in Indian Railways History

1981 ജൂൺ ആറിനാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടം സംഭവിക്കുന്നത്. ബീഹാറിൽ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞതിനെ തുടർന്ന് രേഖപ്പെടുത്തിയത് 750 പേരുടെ മരണമാണ്. 1995 ഓഗസ്റ്റ് 20ന് ഫിറോസാബാദിന് സമീപം നിർത്തിയിട്ടിരുന്ന കാളിന്ദി എക്സ്പ്രസുമായി പുരുഷോത്തം എക്സ്പ്രസ് കൂട്ടിയിടിച്ച അപകടത്തിൽ ഔദ്യോഗിക കണക്കനുസരിച്ച് 305 മരണം രേഖപ്പെടുത്തി.

Read Also: ദുരന്ത ഭൂമിയായി ഒഡിഷ; മരണം 280 ആയി, പരുക്കേറ്റവരുടെ എണ്ണം 1000 പിന്നിട്ടു

1998 നവംബർ 26ന് പഞ്ചാബിലെ ഖന്നയിൽ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി ജമ്മു താവി – സീൽദ എക്‌സ്‌പ്രസ് കൂട്ടിയിടിച്ചതിൽ മരിച്ചത് 212 പേരാണ്. തൊട്ടടുത്ത വർഷം ഓഗസ്റ്റ് 2ന് കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന അവധ് അസം എക്‌സ്പ്രസിലേക്ക് ബ്രഹ്മപുത്ര മെയിൽ ഇടിച്ചുകയറി 285ലധികം പേർ കൊല്ലപ്പെടുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തില്പെട്ടവർ ഏറെയും ഇന്ത്യൻ ആർമിയുടെയും ബിഎസ്എഫിന്റെയും സിആർപിഎഫിന്റെയും സൈനികർ ആയിരുന്നു.

2016 നവംബറിൽ കാൺപൂരിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പുഖ്രായനിൽ ഇൻഡോർ – രാജേന്ദ്ര നഗർ എക്‌സ്പ്രസിന്റെ 14 കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ 152 പേർ കൊല്ലപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2002 സെപ്റ്റംബറിൽ ഹൗറ രാജധാനി എക്‌സ്പ്രസ് റാഫിഗഞ്ചിലെ ധാവെ നദിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ട്രെയിനിന്റെ പാളം തെറ്റിയതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ 140 ലധികം മരണമുണ്ടായി.

Story Highlights: Odisha Train Accident: One of the Deadliest in Indian Railways History

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here