ഒഡിഷ ട്രെയിനപകടം; ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേർ

ഒഡിഷ ട്രെയിനപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളത് 260 പേരെന്ന് ആരോഗ്യ വകുപ്പ്. വിവിധ ആശുപത്രികളിലാണ് ഇവർ കഴിയുന്നത്. 900ഓളം പേർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. ആകെ 1175 പേർക്കാണ് ട്രെയിനപകടത്തിൽ പരുക്കേറ്റത്. നിലവിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. (Train Accident 260 Treatment)
260 പേരിൽ 202 പേർ കട്ടക്കിലെ എസ് സി ബി ആശുപത്രിയിലാണ്. ഇതിൽ ഏഴ് പേർ ഐസിയുവിലാണ്.
ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഭുവനേശ്വറിലേക്ക് മാറ്റി. ഭുവനേശ്വറിലെ ആറ് ആശുപത്രികളിലേക്കാണ് 170 മൃതദേഹങ്ങൾ മാറ്റിയത്. എയിംസ് ഭുവനേശ്വർ, എഎംആർഐ ഭുവനേശ്വർ, SUM ആശുപത്രി,ക്യാപിറ്റൽ ആശുപത്രി, കിംസ് ആശുപത്രി, ഭുവനേശ്വർ, ഹൈടെക് ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലേക്കാണ് മാറ്റിയത്.
Read Also: ഒഡിഷ ട്രെയിന്‍ ദുരന്തം; തിരിച്ചറിയാത്ത മുഴുവൻ മൃതദേഹങ്ങളും ഭുവനേശ്വറിലേക്ക് മാറ്റി
അതിനിടെ 275 പേരുടെ മരണത്തിന് ഇടയാക്കിയ ഒഡിഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തതായി റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി എന്ന് അറിയിച്ച അദ്ദേഹം ട്രാക്ക് അറ്റകുറ്റപ്പണികളും വയറിങ് ജോലികളും നടക്കുന്നതായി അറിയിച്ചു. പരുക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഉന്നത തല അന്വേഷണം പൂർത്തിയായതായി റെയിൽവേ അധികൃതർ അറിയിച്ചു. റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും അപകടത്തിന്റെ കാരണം തിരിച്ചറിഞ്ഞെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇലക്ട്രോണിക് ഇന്റർ ലോക്കിങ്ങിലെ പിഴവാണ് അപകട കാരണം. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദുരന്ത ഭൂമിയിൽ നിന്ന് മൃതദേഹങ്ങൾ മുഴുവനായി നീക്കി. ബുധനാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തൻ്റെ ഉടമസ്ഥതയിലുള്ള സെവാഗ് ഇൻ്റർനാഷണൽ സ്കൂളിൽ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സെവാഗ് അറിയിച്ചു. ട്രെയിൻ അപകടത്തിൻ്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സെവാഗിൻ്റെ ട്വീറ്റ്.
Story Highlights: Odisha Train Accident 260 Undergoing Treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here