എഐ ക്യാമറ വഴി ഇന്ന് മാത്രം കണ്ടെത്തിയത് 28891 നിയമലംഘനങ്ങൾ; രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയുള്ള കണക്ക്

എഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28891 നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. ഒറ്റ ദിവസം കൊണ്ട് മാത്രമാണ് ഇത്രയും നിയമ ലംഘനങ്ങളുണ്ടായത്. രാവിലെ 8 മണി മുതൽ വൈകിട്ട് 5 വരെയുള്ള കണക്കാണ് ഇപ്പോൾ ലഭ്യമായിരിക്കന്നത്. എതിർപ്പുകൾക്കും വിവാദങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ എഐ ക്യാമറകൾ മിഴി തുറന്നത്. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. ( 28891 violations detected by AI camera today ).
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവർത്തിക്കും. ഇരുചക്ര വാഹനയാത്രക്കാർ രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും.
Read Also: ‘ജനം എഐ ക്യാമറയെ സ്വീകരിച്ചു, പരാതികൾ അപ്പീൽ സംവിധാനത്തിലൂടെ പരിഹരിക്കും’; മന്ത്രി ആന്റണി രാജു
ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹനയാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം. കാര്‍ യാത്രക്കാര്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഡ്രൈവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ മാത്രം പോരാ, മുന്‍സിറ്റിലുള്ള യാത്രക്കാരനും നിര്‍ബന്ധമാണ്.
ഗര്‍ഭിണിയായാലും പ്രായമുള്ളവരായാലും കുട്ടികളായുമെല്ലാം സീറ്റ് ബല്‍റ്റ് നിര്‍ബന്ധമെന്നാണ് നിയമം. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെങ്കിലും തല്‍കാലം പിഴയീടാക്കില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ 500 രൂപയാണ്. സൂക്ഷിക്കേണ്ട രണ്ടാമത്തെ കാര്യം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങാണ്. അങ്ങിനെ ചെയ്താല്‍ 2000 രൂപയാകും പിഴയീടാക്കുന്നത്. ഇവ കൂടാതെ നോ പാര്‍ക്കിങ് ഏരിയായിലോ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാര്‍ക്ക് ചെയ്താലും പിഴ വരും.അതുപോലെ ഒരു ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ അത് മറികടന്ന് പോയാലും ക്യാമറ കണ്ടെത്തും.
നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
Story Highlights: 28891 violations detected by AI camera today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here