Advertisement

‘എഐ ക്യാമറകൾ മിഴി തുറക്കുന്നു’, ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധം: പിഴ ഇന്ന് മുതൽ

June 5, 2023
Google News 3 minutes Read
AI cameras_ helmets and seat belts mandatory_ fines from today

എതിർപ്പുകൾക്കും വിവാദങ്ങൾക്കൊടുവിൽ സംസ്ഥാനത്തെ എഐ ക്യാമറകൾ മിഴി തുറക്കുന്നു. രാവിലെ 8 മുതൽ റോഡിലെ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിക്കും. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ മോട്ടോര്‍ വാഹനവകുപ്പ്. (AI cameras: helmets and seat belts mandatory: fines from today)

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും. ഇരുചക്ര വാഹനയാത്രക്കാർ രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം. ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും.

ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. നാലു വയസ്സിന് മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണം. കുട്ടികൾക്ക് ഇരുചക്രവാഹനയാത്ര അനുവദിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് നൽകിയ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നതുവരെയാണ് സാവകാശം. കാര്‍ യാത്രക്കാര്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഡ്രൈവര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്‍ മാത്രം പോരാ, മുന്‍സിറ്റിലുള്ള യാത്രക്കാരനും നിര്‍ബന്ധമാണ്.

ഗര്‍ഭിണിയായാലും പ്രായമുള്ളവരായാലും കുട്ടികളായുമെല്ലാം സീറ്റ് ബല്‍റ്റ് നിര്‍ബന്ധമെന്നാണ് നിയമം. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെങ്കിലും തല്‍കാലം പിഴയീടാക്കില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ 500 രൂപയാണ്. സൂക്ഷിക്കേണ്ട രണ്ടാമത്തെ കാര്യം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങാണ്. അങ്ങിനെ ചെയ്താല്‍ 2000 രൂപയാകും പിഴയീടാക്കുന്നത്. ഇവ കൂടാതെ നോ പാര്‍ക്കിങ് ഏരിയായിലോ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാര്‍ക്ക് ചെയ്താലും പിഴ വരും.അതുപോലെ ഒരു ട്രാഫിക് സിഗ്നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ അത് മറികടന്ന് പോയാലും ക്യാമറ കണ്ടെത്തും.

നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. റോഡ് ക്യാമറയുടെ പിഴയീടാക്കൽ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

Story Highlights: AI cameras: helmets and seat belts mandatory: fines from today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here