പ്രവാസി മലയാളികളുടെ പരിഛേദമായി ജിദ്ദ കേരള പൗരാവലിയുടെ പ്രതിനിധി സഭാ സംഗമം

ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച പ്രതിനിധി സഭാ സംഗമം പ്രവാസി മലയാളികളുടെ പരിഛേദമായി. കഴിഞ്ഞ ദിവസം ജിദ്ദയിൽ സംഘടിപ്പിച്ച ‘പ്രതിനിധി സഭ’ യിൽ കേരളത്തിലെ 14 ജില്ലയിൽ നിന്നായി നൂറിൽ അധികം പ്രതിനിധികൾ പങ്കാളികളായി. ജിദ്ദയിലെ ജില്ലാ കൂട്ടായ്മകളുടെ ഭാരവാഹികളും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുമാണ് പൗരാവലി പ്രതിനിധി സഭയുടെ ഭാഗമായത്. ( Jeddah Kerala Pauravali Representative Assembly meeting ).
ആതുര സേവന രംഗത്തും ജീവകാരുണ്യ മേഖലയിലും പ്രമുഖ വ്യക്തിത്വമായിരുന്ന സീക്കോ ഹംസയുടെ നിര്യാണത്തിൽ പ്രതിനിധി സഭ അനുശോചനം രേഖപ്പെടുത്തി. പൗരാവലി എക്സിക്യൂട്ടീവ് അംഗം ഹിഫ്‌സുറഹ്മാൻ അനുശോചന സന്ദേശം സദസിൽ വായിച്ചു. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് വിവിധ തരം വിസകളിൽ പുതിയതായി എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കാര്യക്ഷമമായി ഇടപെടണമെന്ന് ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സൗദിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ കൂടുതൽ വിസ ഫെസിലിറ്റേഷൻ സർവീസ് അഥവാ വി എഫ് എസ് കേന്ദ്രങ്ങൾ അനുവദിക്കാനും കൂടുതൽ ബയോമെട്രിക് ഉപകരണങ്ങൾ സ്ഥാപിക്കാനും കേരള മുഖ്യമന്ത്രി ആവശ്യമായ ഇടപെടലുകൾ നടത്തണമെന്നും പ്രതിനിധി സഭയോഗം ആവശ്യപ്പെടുന്ന പ്രമേയത്തിൽ പറഞ്ഞു. എക്സിക്യൂട്ടീവ് അംഗം അഹമ്മദ് ഷാനിയാണ് സഭയിൽ പ്രമേയം അവതരിപ്പിച്ചത്.
ജിദ്ദ പൗരാവലിയുടെ ലക്ഷ്യവും നയവും ചെയർമാൻ കബീർ കൊണ്ടോട്ടി മൾട്ടി മീഡിയ പ്രസന്റേഷനിലൂടെ വിശദീകരിച്ചു. ജിദ്ദ കേരള പൗരാവലി ‘തുടക്കം മുതൽ ഇതുവരെ’ എന്ന വിഷയം അസീസ് പട്ടാമ്പി അവതരിപ്പിച്ചു.
പ്രതിനിധി സഭയിൽ 14 ജില്ലകളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രത്യേകമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ വിവിധ പ്രതിനിധികൾ സദസ്സുമായി പങ്കുവെച്ചു. റാഫി ബീമാപള്ളി ചർച്ചകൾ നിയന്ത്രിച്ചു
പൗരാവലി ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. ഉണ്ണി തെക്കേടത്ത് പ്രോഗ്രാം കൺവീനറായിരുന്നു. വേണുഗോപാൽ അന്തിക്കാട്, റഷീദ് മണ്ണിപ്പിലാക്കൽ, ഹസ്സൻ കൊണ്ടോട്ടി, ഷിഫാസ് തൃശൂർ, നൗഷാദ് ചാത്തല്ലൂർ, അലവി ഹാജി, ഷഫീഖ് കൊണ്ടോട്ടി, ബാബു കല്ലട എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.
Story Highlights: Jeddah Kerala Pauravali Representative Assembly meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here