Advertisement

വെബ് സീരീസിൽ നിന്ന് പ്രചോദനം; മകൾ കാമുകന്റെയും അമ്മയുടെയും സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തി

June 6, 2023
Google News 2 minutes Read
Crime web series inspires minor girl lover and mother to kill engineer father

പ്രണയ ബന്ധത്തെ എതിർത്ത 49 കാരനെ പ്രായപൂർത്തിയാകാത്ത മകളും കാമുകനും അമ്മയും ചേർന്ന് കൊലപ്പെടുത്തി. മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദ്ദേഹം കത്തിക്കുകയായിരുന്നു. ക്രൈം വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികൾ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

മെക്കാനിക്കൽ എഞ്ചിനീയറായ ജോൺസൺ ലോബോ(49) ആണ് മരിച്ചത്. ജൂൺ ഒന്നിന് പൂനെ-അഹമ്മദ്‌നഗർ റോഡിലെ സനസ്‌വാദി ഗ്രാമത്തിലെ ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പിന്നലെ 302, 201 വകുപ്പുകൾ പ്രകാരം പൂനെ റൂറൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിക്രാപൂരിനും വഡ്ഗാവ് ശേരിക്കും ഇടയിലുള്ള വിവിധ സ്ഥലങ്ങളിലെ 230 ഓളം സിസിടിവി ക്യാമറകളിൽ പൊലീസ് പരിശോധിച്ചു.

ഇതിൽ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു കാറിനെക്കുറിച്ച് അധികൃതർക്ക് സൂചന കിട്ടി. വഡ്ഗാവ് ഷെരി സ്വദേശിയായ ജോയ് കസബെയുടെതാണ് കാർ എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ജോയിയുടെ മകൻ ആഗ്നെൽ കസബെ (23) മെയ് 31 മുതൽ കാർ ഉപയോഗിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആഗ്നലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജോൺസൺ ലോബോയുടെ 17 വയസ്സുള്ള മകളുമായി താൻ പ്രണയത്തിലായിരുന്നുവെന്ന് ആഗ്നെൽ പൊലീസിനോട് വെളിപ്പെടുത്തി.

ജോൺസൺ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല, എന്നാൽ ഭാര്യ സാന്ദ്ര (43) ബന്ധത്തെ പിന്തുണച്ചു. ഇത് ജോൺസണും സാന്ദ്രയും തമ്മിലുള്ള തർക്കത്തിന് കാരണമായി. മെയ് 30 ന് വസതിയിൽ വെച്ച് മൂവരും ചേർന്ന് ജോൺസണെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മെയ് 31 ന്, രാത്രിയിൽ ആഗ്നലിന്റെ കാറിൽ സനസ്വാഡിയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് മൃതദേഹം കൊണ്ടുപോയി. കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാൻ മൃതദേഹം ഇവിടെ ഉപേക്ഷിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ചില ക്രൈം വെബ് സീരീസ് കണ്ടാണ് ആഗ്നലും സാന്ദ്രയും മകളും ജോൺസണെ കൊല്ലാൻ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Story Highlights: Crime web series inspires minor girl lover and mother to kill engineer father

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here