ഒഡിഷ ട്രെയിൻ അപകടം; സിബിഐ കേസെടുത്തത് റെയിൽവേയുടെ അനാസ്ഥയ്ക്ക്, അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശമേയില്ല

ഒഡിഷ ട്രെയിൻ അപകടത്തിൽ സിബിഐ കേസെടുത്തിരിക്കുന്നത് റെയിൽവേയുടെ കുറ്റകരമായ അനാസ്ഥക്ക്. അട്ടിമറി സാധ്യതയെക്കുറിച്ച് എഫ്ഐആറിൽ പരാമർശവും ഇല്ല. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം, ഇന്നും അപകട സ്ഥലം സന്ദർശിക്കും. അപകടത്തിന്റെ കാരണം സംബന്ധിച്ച് റെയിൽവേ യിലെ വകുപ്പുകൾ തമ്മിൽ ഭിന്നതയുണ്ട്. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
ബാലസോർ ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി എന്ന സംശയത്തെ തുടർന്നാണ്, റെയിൽവേ അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അട്ടിമറിയെ കുറിച്ച് പരാമർശമില്ല.
Read Also: കോടീശ്വരനെ ഇന്നറിയാം; ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്
IPC ചട്ടം 337, 338, 304A, റെയിൽവേ ചട്ടം 153, 154, 175 എന്നിവ അനുസരിച്ചാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. മരണത്തിന് ഇടയാക്കിയ അശ്രദ്ധ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. സിബിഎസ് സംഘം അപകടസ്ഥലം വീണ്ടും സന്ദർശിച്ച് പരിശോധന നടത്തും. അപകടം സംബന്ധിച്ച സംയുക്ത പരിശോധനാ റിപ്പോർട്ടിൽ മുതിർന്ന റെയിൽവേ എഞ്ചിനീയർ വിയോജനക്കുറിപ്പ് നൽകിയിരുന്നു. സിഗ്നൽ തകരാറാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിലാണ് വിയോജിപ്പ്.
സിഗ്നൽ തകരാറല്ല അപകടത്തിന് ഇടയാക്കിയതെന്നും കോറമാണ്ടൽ എക്‌സ്പ്രസിന് ലൂപ്പ് ലൈനിലേക്കല്ല മെയിൻ ലൈനിലേക്കാണ് ഗ്രീൻ സിഗ്നൽ നൽകിയിരുന്നതെന്നും വിയോജനകുറിപ്പിൽ പറയുന്നു. അപകടം ഉണ്ടായ ലൂപ് ലൈനിൽ ഗതാഗതം പുനസ്ഥാപിച്ചു. ദമ്ര തുറമുഖത്തു നിന്നുള്ള ചരക്ക് തീവണ്ടിയാണ് ആദ്യം സർവീസ് നടത്തിയത്. 43 ബിഹാർ സ്വദേശികൾ അപകടത്തിൽ മരിച്ചതായും 44 പേർക്ക് പരുക്ക് ഏറ്റതായും മന്ത്രി ഷാനവാസ് ആലം അറിയിച്ചു. ഇനിയും തിരിച്ചറിയാൻ ആകാത്ത 33 മൃതദേഹങ്ങളുടെ DNA സാമ്പിളുകൾ പരിശോധനക്കായി ഡൽഹി എയിംസിലേക്ക് അയച്ചിരിക്കുകയാണ്.
Story Highlights: Odisha train accident; CBI registered a case for negligence