കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം: അതിജീവിതയെ ഭീഷണിപ്പെടുത്തിയവരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയവരെ ജോലിയിൽ തിരിച്ചെടുത്ത നടപടി റദ്ദാക്കി. അഞ്ച് പേരുടെ സസ്പെൻഷൻ പിൻവലിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ ഡിഎംഇ പ്രിൻസിപ്പലിന് നിർദേശം നൽകുകയായിരുന്നു. ആരോഗ്യ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. Calicut Medical College Reinstatement of Threateners Canceled
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പൊലീസിൽ നൽകിയ പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ അഞ്ച് പേർക്കെതിരെ യുവതി പരാതി നൽകുകയും ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രിൻസിപ്പൽ ആയിരുന്ന ഇ. വി ഗോപി വിരമിച്ച ദിവസം ഈ അഞ്ചുപേരെയും തിരിച്ചെടുത്തു. എൻ കെ ആസിയ, ഷൈനി ജോസ്, വി ഷലൂജ, പി ഇ ഷൈമ, പ്രസീദ മനോളി എന്നിവരെയാണ് തിരിച്ചെടുത്തിരുന്നത്. ഇതിനെതിസ്രെ അതിജീവിതയും മനുഷ്യാവകാശ പ്രവർത്തകരും നടത്തിയ പോരാട്ടം വിജയം കണ്ടു. തുടർന്നാണ് അഞ്ച് പേരുടെയും സസ്പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കിയത്.
നടപടിയിൽ ആശ്വാസമുണ്ടെന്നും പ്രതികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയാണ് വേണ്ടതെന്നും അതിജീവിത 24 നോട് പറഞ്ഞു. യുവതിയുടെ തുടർന്നുള്ള പോരാട്ടങ്ങൾക്കും പിന്തുണ നൽകുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് പ്രതികരിച്ചു. മാർച്ച് പതിനെട്ടിനാണ് മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ അറ്റൻഡർ എം എം ശശീന്ദ്രൻ പീഡനത്തിന് ഇരയാക്കിയത്.
Story Highlights: Calicut Medical College Reinstatement of Threateners Canceled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here