‘കള്ളക്കേസിൽ കുടുക്കി, നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു’; പൊലീസിനെതിരെ ദളിത് വിദ്യാർത്ഥി

ഉത്തർപ്രദേശ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി 22 കാരനായ നിയമ വിദ്യാർത്ഥിനി. ഗ്രേറ്റർ നോയിഡയിൽ വച്ച് കള്ളക്കേസിൽപ്പെടുത്തി പൊലീസ് തന്നെ മർദിക്കുകയും നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചെന്നും ദളിത് വിഭാഗത്തിൽപ്പെട്ട രണ്ടാം വർഷ ബിഎ എൽഎൽബി വിദ്യാർത്ഥി ആരോപിച്ചു.
ഗ്രേറ്റർ നോയിഡ ഏരിയയിലെ സെക്ടർ ബീറ്റ 2 പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം. സ്പാ, മസാജ് സെന്ററിൻ്റെ മറവിൽ പെൺവാണിഭസംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരം പൊലീസിന് കൈമാറിയിരുന്നതായി വിദ്യാർത്ഥി പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉടമയായ ഒരു സ്ത്രീയെ 2021 ജൂണിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുകയും ചെയ്തു.
ഈ വൈരാഗ്യത്തെ തുടർന്ന് സ്ത്രീയും ഭർത്താവും തനിക്കെതിരെ കള്ളക്കേസ് നൽകി. തുടർന്ന് കഴിഞ്ഞ വർഷം നവംബർ 18 ന് പൊലീസ് തന്നെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ചു. കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ കുളിമുറിയിൽ നിന്ന് ഒരു പാത്രത്തിൽ മൂത്രം കൊണ്ടുവന്ന് വായിൽ ഒഴിച്ചതായും നിയമ വിദ്യാർത്ഥിനി ആരോപിച്ചു. നിരവധി ഉദ്യോഗസ്ഥരെ കണ്ട് പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവാവ് കൂട്ടിച്ചേർത്തു.
വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ രണ്ട് വീഡിയോ ക്ലിപ്പുകൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതേസമയം, സംഭവത്തിന് ഒരു വർഷത്തോളം പഴക്കമുണ്ടെന്നും വീഡിയോകളുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഗ്രേറ്റർ നോയിഡ) അറിയിച്ചു. വിദ്യാർത്ഥിയുടെ ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Forced To Drink Urine: Dalit Student Accuses Noida Police Of Framing Him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here