അന്യഗ്രഹ ജീവികള്‍ ഹലോ പറഞ്ഞിട്ടും നമ്മള്‍ കാണാതെ പോകുകയാണോ? ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി ഒരു പഠനം
ഭൂമിയിലല്ലാതെ അന്യഗ്രഹങ്ങളിലും ജീവനുണ്ടോ? അവിടെയെല്ലാം ജീവജാലങ്ങളും ആവാസവ്യവസ്ഥയുമെല്ലാമുണ്ടോ? കാലങ്ങളായി ശരിക്ക് ഉത്തരം കിട്ടാതെ ശാസ്ത്രലോകത്തെ കുഴക്കുന്ന ഒരു ചോദ്യമാണിത്. അന്യഗ്രഹങ്ങളില്‍ ജീവികളുണ്ടെന്ന് വയ്ക്കുക. അവ പ്രപഞ്ചത്തില്‍ അവയുടെ എന്തെങ്കിലും അടയാളങ്ങളോ സിഗ്നലുകളോ എന്തായാലും അവശേഷിപ്പിക്കും. അത് നമ്മള്‍ മനുഷ്യര്‍ ഇതുവരെ കാണാതെ പോയതാണെങ്കിലോ? ഈ ആലോചനകളില്‍ നിന്ന് ഉണ്ടായി വന്ന ചില പുതിയ നിരീക്ഷണങ്ങള്‍ അന്യഗ്രഹ ജീവിതങ്ങളെ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങളില്‍ ഒരു പുതിയ പാത വെട്ടിത്തുറക്കുകയാണ്. (Repeated signals from Milky Way could be aliens saying hello)
ദി അസ്‌ട്രോണിമിക്കല്‍ ജേര്‍ണലില്‍ അക്ഷയ് സുരേഷ്, വിശാല്‍ ഗജ്ജര്‍, പ്രണവ് നാഗരാജന്‍, സോഫിയ ശെയ്ഖ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തയാറാക്കി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഏലിയന്‍ ഹണ്ടിംഗിനെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങളുള്ളത്. നമ്മുടെ മില്‍ക്കി വേ ഗാലക്‌സിയുടെ മധ്യഭാഗത്തുള്ള പ്രത്യേകതരം ന്യൂട്രോണ്‍ നക്ഷത്രങ്ങളായ പള്‍സറുകളില്‍ നിന്നുവരുന്ന സിഗ്നലുകളെ സൂക്ഷ്മമായി നിരീക്ഷിച്ച് അത് അന്യഗ്രഹ ജീവികളില്‍ നിന്നുള്ള സിഗ്നലുകളാണോ എന്ന് പരിശോധിക്കണമെന്ന ആശയമാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.
നാരോ ഫ്രീക്വന്‍സി സിഗ്നലുകള്‍ പുറത്തുവിടുന്ന പള്‍സറുകള്‍ തിരിച്ചറിയാന്‍ എളുപ്പമാണെന്ന് മാത്രമല്ല അവ ദീര്‍ഘദൂര ആശയവിനിമയത്തിന് മികച്ചതുമാണ്. ബുദ്ധിശാലികളായ ചില അന്യഗ്രഹജീവികള്‍ അവരുടെ സാന്നിധ്യം അറിയിക്കാന്‍ ഇത്തരം സിഗ്നലുകളെ ഉപയോഗിക്കുന്നത് ആയിക്കൂടേ എന്ന ചോദ്യമാണ് ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം സിഗ്നലുകള്‍ പ്രപഞ്ചം ഒട്ടാകെയുണ്ടെങ്കിലും മില്‍ക്കി വേയിലെ എക്‌സോപ്ലാനറ്റുകളിലാകാം അന്യഗ്രഹ ജീവികള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത എന്നതിനാലാണ് മില്‍കി വേ സിഗ്നലുകള്‍ കൂടുതല്‍ നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുന്നതെന്നും പഠനസംഘം കൂട്ടിച്ചേര്‍ത്തു.
Story Highlights: Repeated signals from Milky Way could be aliens saying hello
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here