Advertisement

ഇരുതലമൂരിയുമായി തട്ടിപ്പ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടറടക്കം ഏഴ് പേര്‍ അറസ്റ്റില്‍

June 10, 2023
Google News 2 minutes Read
Fraud with iruthala moori snake Seven people arrested

ഇരുതലമൂരി പാമ്പുമായി തട്ടിപ്പ് നടത്തുന്ന സംഘം മലപ്പുറം പെരിന്തല്‍മണ്ണ പൊലീസിന്റെ പിടിയില്‍. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴ് പേര്‍ ആണ് അറസ്റ്റിലായത്. കോടികള്‍ വില പറഞ്ഞുറപ്പിച്ച നാല് കിലോയോളം തൂക്കം വരുന്ന ഇരുതലമൂരി ഇവരില്‍ നിന്ന് കണ്ടെടുത്തു.

തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വില ലഭിക്കുന്നതാണ് ഇരുതലമൂരിയെന്ന പാമ്പ്. വിദേശത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനാണ് പ്രധാനമായും ഇവയെ ഉപയോഗിക്കുക. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇരുതലമൂരിയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വില്‍പ്പന നടത്തുന്നതോ കുറ്റകരമാണ്. എന്നാല്‍ ഇരുതലമൂരി, വെള്ളിമൂങ്ങ, എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ഇത്തരം ഇടപാടുകള്‍ നടക്കുന്നതായും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പറവൂര്‍ വടക്കും പുറം കള്ളംപറമ്പില്‍ പ്രഷോബ്, തിരുപ്പൂര്‍ സ്വദേശികളായ രാമു, ഈശ്വരന്‍, വയനാട് വേങ്ങപ്പള്ളി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍, പെരിന്തല്‍മണ്ണ തൂത സ്വദേശി കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷറഫ്, കണ്ണൂര്‍ തളിപ്പറമ്പ് പനക്കുന്നില്‍ ഹംസ, കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍കുഞ്ഞ് എന്നിവരാണ് അറസ്റ്റിലായത്. വില്‍ക്കാനുള്ള ശ്രമത്തിനിടെ മാനത്തുമംഗലം ജംഗ്ഷന് സമീപം വച്ച് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ആണ് ഇരുതലമൂരിയെ പൊലീസ് കണ്ടെത്തിയത്.

പ്രഷോബ്, നിസാമുദ്ദീന്‍ എന്നിവരാണ് രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലര ലക്ഷം രൂപയ്ക്കാണ് ആന്ധ്രയില്‍ നിന്ന് വാങ്ങിയ ഇരുതലമൂരി പാമ്പിനെ കേരളത്തിലെത്തിച്ചത്. ശേഷം വിവിധ ഏജന്റുമാര്‍ മുഖേന ആറുകോടിയോളം രൂപ വിലപറഞ്ഞുറപ്പിച്ച ശേഷം വില്‍പ്പനയ്ക്കായി പരിന്തല്‍മണ്ണയിലെത്തിക്കുകയായിരുന്നു.

Read Also: പത്തനംതിട്ടയില്‍ മൂന്ന് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പിടിയിലായ മുഹമ്മദ് അഷറഫ് വളാഞ്ചേരിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. പ്രതികളേയും പാമ്പിനേയും തുടരന്വേഷണത്തിനായി പൊലീസ് കരുവാരക്കുണ്ട് വനം വകുപ്പിന് കൈമാറി. ഇത്തരത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തുന്ന ഈ സംഘത്തിലെ മറ്റു ഇടനിലക്കാരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം. സന്തോഷ് കുമാര്‍, സി.ഐ. പ്രേംജിത്ത് എന്നിവര്‍ പറഞ്ഞു.

Story Highlights: Fraud with iruthala moori snake Seven people arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here