അന്യ സംസ്ഥാനങ്ങളിൽ നിന്ന് അരിക് പൊട്ടിയ ടയർ കേരളത്തിലെത്തിച്ച് സ്വകാര്യ ബസിൽ ഉപയോഗിക്കുന്നു; ജീവൻ പണയം വച്ചുള്ള കൊള്ള ലാഭത്തിന് നിർബന്ധിക്കുന്ന ഉടമകൾക്കെതിരെ ബസ് ജീവനക്കാർ

അമിതവേഗം കൊണ്ട് ആളെ കൊല്ലുന്ന സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കാൻ സർക്കാരിന് ആവുന്നില്ല എന്ന വിമർശനം പലവഴിക്കും ഉയരുന്ന കാലമാണിത്. അതിനിടെ മലബാറിൽ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വിവരം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടുന്ന പുതിയ കളി വാടക ടയറിന്റെ രൂപത്തിലാണ്. കൊള്ളലാഭം കൊയ്യാൻ, വാടക ടയർ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന ഉടമകൾക്കെതിരെ ബസ് ജീവനക്കാർ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ( kozhikode private bus owners use damaged tyre )
ജീവനക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വൈറലായതോടെയാണ് പകൽ കൊള്ള പുറത്തറിയുന്നത്. ജീവൻ പണയം വെച്ചുള്ള യാത്രയ്ക്ക് വളയം പിടിക്കാൻ തയ്യാറല്ലെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ജീവനക്കാരനെ ഉടമകൾ ഭീഷണിപ്പെടുത്തി പോസ്റ്റ് പിൻവലിപ്പിച്ചു. എന്നാൽ അമർഷം പിടിച്ചമർത്താനാകാതെ ജീവനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രതിഷേധം പലരും പങ്കുവച്ചു.
‘മുതലാളിമാർ വാടകയിട്ട് ഓടണം എന്ന് പറഞ്ഞാൽ നമ്മൾ ഇല്ല എന്ന് പറഞ്ഞാൽ ചിലപ്പോൾ വേറെ പണിക്കാരാക്കും. അന്യസംസ്ഥാനങ്ങളിൽ നിന്ന് എഡ്ജും കാര്യങ്ങളൊക്കെ പൊട്ടിയ വണ്ടിയുടെ ടയറാണ് കൊണ്ടുവരുന്നത്. അത് ഇവിടെ നിന്ന് കൊണ്ടുവന്ന് പഞ്ചർ ഒട്ടിക്കും. ഇതാണ് രീതി. ഡ്രൈവറായാലും കണ്ടക്ടറായാലും യാത്രക്കാരും എല്ലാം മനുഷ്യന്മാരല്ലേ? അപ്പൊ അതിന് ഒരു സുരക്ഷിതത്വം വേണ്ടേ ? നമ്മുടെ ജീവൻ എന്താ വിലയില്ലേ ? എല്ലാരുടെ ജീവനും വിലയുണ്ട്’- ജീവനക്കാർ പറയുന്നു.
ആറ് ടയറുകൾക്ക് നാനൂറ് മുതൽ അറുന്നൂറ് രൂപ വരെയാണ് ദിവസ വാടക. ടയർ പൊട്ടിയാലോ, പഞ്ചർ ആയാലോ അവിടെയെത്തി മാറി നൽകും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നതിനൊപ്പം സാമ്പത്തികലാഭവും ഉടമകൾക്ക് ലഭിക്കും. പക്ഷേ അപകടം പതിയിരിക്കുന്നതാകും യാത്ര. തേയ്മാനം സംഭവിച്ച ഉപയോഗശൂന്യമായ ടയറുകൾ ബാംഗ്ലൂരിൽ നിന്ന് എത്തിക്കും. പിന്നാലെ താൽക്കാലികമായി കട്ട ചെയ്താണ് വാടകയ്ക്ക് നൽകുന്നത്. കോഴിക്കോട് ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ ഇത്തരം മാഫിയകൾ സജീവമാണ്. ദിവസവാടക അടിസ്ഥാനത്തിലും മാസവാടക അടിസ്ഥാനത്തിലും ടയറുകൾ ലഭിക്കും.
Story Highlights: kozhikode private bus owners use damaged tyre
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here