‘മത്സരം കഴിഞ്ഞയുടൻ ശങ്കു വിളിച്ചിരുന്നു’; മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് ശ്രീശങ്കറിന്റെ കുടുംബം

പാരിസ് ഡയമണ്ട് ലീഗിൽ ചരിത്ര നേട്ടം കൊയ്ത ശ്രീശങ്കറിന്റെ കുടുംബം മെഡൽ നേട്ടത്തിന്റെ ആഹ്‌ളാദത്തിലാണ്. മകന് വെങ്കലം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് അമ്മയും ശ്രീശങ്കർ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സിൽ സ്വർണം നേടുമെന്ന പ്രതീക്ഷ അടുത്ത കുടുംബാംഗവും പങ്കുവച്ചു. ( paris diamond league srishankar family response )
‘മത്സരം കഴിഞ്ഞയുടൻ മുരളിയേട്ടനും ശങ്കുവും വിളിച്ചിരുന്നു. കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവയ്ക്കാമെന്നാണ് മോൻ പ്രതീക്ഷിച്ചത്. പക്ഷേ കാറ്റ് എതിർദിശയിലായിരുന്നു. അത് എല്ലാ താരങ്ങളേയും ബാധിച്ചിട്ടുണ്ട്. ആദ്യ ജംപിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. അപ്പോൾ ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. നിലവിൽ വെങ്കലം കിട്ടിയ സന്തോഷത്തിലാണ്’- ശ്രീശങ്കറിന്റെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
പാരിസ് ഡയമണ്ട് ലീഗിൽ ചരിത്രനേട്ടം കൊയ്തിരിക്കുകയാണ് മലയാളി താരം മുരളി ശ്രീശങ്കർ. മുരളി ശ്രീശങ്കർ ലോങ്ങ് ജമ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. നീരജ് ചോപ്രയ്ക്ക് ശേഷം ഡയമണ്ട് ലീഗിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ശ്രീശങ്കർ.
മികച്ച പ്രകടനങ്ങൾക്കാണ് ഇന്ന് പാരീസ് ഡയമണ്ട് ലീഗ് സാക്ഷ്യം വഹിച്ചത്. കെനിയയുടെ ഫെയ്ത്ത് കിപ്യെഗോൺ വനിതകളുടെ 5,000 മീറ്ററിൽ രണ്ടാം ലോകറെക്കോർഡിട്ടു. വനിതകളുടെ 200 മീറ്ററിൽ ഗാബി തോമസിനാണ് വിജയം. വനിതകളുടെ 400 മീറ്ററിൽ മാരിലെയ്ഡി പൊളീനോ മിന്നും വിജയം സ്വന്തമാക്കി. പുരുഷന്മാരുടെ രണ്ട് മൈൽ ഇവന്റിൽ നോർവേയുടെ ജോക്കബ് ഇൻഗെബ്രിസൺ ലോക റെക്കോർഡ് കരസ്ഥമാക്കി.
Story Highlights: paris diamond league srishankar family response