കോൺഗ്രസ് പുനസംഘടന : ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി

കോൺഗ്രസ്സ് പുനസംഘടന തർക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി സമർപ്പിച്ചു. മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് കോടതിയെ സമീപിച്ചത്. കോൺഗ്രസ് പാർട്ടിക്ക് ഒരു ഭരണഘടനയുണ്ട്. പ്രസിഡണ്ടുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക് എതിരായാണ് നടത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർക്കെതിരെയാണ് കേസ്. Petition in court on appointment of Congress block presidents
കോൺഗ്രസ് പുനഃസംഘടന വിവാദത്തിൽ പ്രതികരണം രേഖപ്പെടുത്തിയ കെ. മുരളീധരൻ എംപി പുനഃസംഘടനകൾ എല്ലാ കാലത്തും ഇങ്ങനെ ആയിരുന്നു എന്ന് അറിയിച്ചു. അതിന് മാറ്റമുണ്ടായത് വയലാർ രവി കെപിസിസി പ്രസിഡന്റ് ആയപ്പോഴാണ്. ഇപ്പോഴുള്ള തർക്കം കേരളത്തിൽ തന്നെ തീർക്കാവുന്നതാണ്. എല്ലാ കാര്യത്തിനും ഹൈക്കമാന്റിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല. ഗ്രൂപ്പ് തർക്കം രൂക്ഷമായാൽ 2004ലെ ഗതി 2024ലും വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇതിനിടെ, പ്രതിപക്ഷ നേതാവ് വി. ഡി സതീശനെതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ ഗ്രൂപ്പ് നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കാൻ തീരുമാനം. കോൺഗ്രസ് പുനസംഘന പ്രശ്‌നത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നടത്തിയ സമവായചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിക്കാൻ തീരുമാനിച്ചത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സൗകര്യാർത്ഥം നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കും. ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ അർഹമായ പ്രതിനിധ്യമില്ലെന്നറിയിച്ച് ദളിത് നേതാക്കളും ഖാർഗെയ്ക്ക് പരാതി നൽകും.
Read Also: വി. ഡി സതീശന് എതിരായ വിജിലൻസ് അന്വേഷണം: ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടന്ന് കെ മുരളീധരൻ
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറുമാരുടെ ലിസ്റ്റിൽ ഗ്രൂപ്പുകളെ വെട്ടിനിരത്തിയത് പ്രതിപക്ഷനേതാവാണെന്നാരോപിച്ചാണ് നേതാക്കളുടെ സംയുക്തനീക്കം. മുതിർന്ന നേതാക്കളെ സതീശൻ അവഗണിക്കുന്നുവെന്നും ഗ്രൂപ്പുകൾ ആരോപിച്ചു. പ്രശ്‌നത്തിൽ കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവർ നേതൃത്വത്തിനൊപ്പം നിന്നതും ഗ്രൂപ്പ് നേതാക്കളെ ചൊടിപ്പിച്ചു.
Story Highlights: Petition in court on appointment of Congress block presidents