മണിക്കൂറുകൾ നീണ്ട കാത്തുനില്പ്, ആഢംബര ഹോട്ടലിലെ താമസം, ബീജിംഗിലൂടെയുള്ള സൈക്കിൾ ചേസ്; എല്ലാം ഈ സെൽഫിക്ക് വേണ്ടി
ഓസ്ട്രേലിയക്കെതിരായ അർജൻ്റീനയുടെ സൗഹൃദമത്സരത്തിനായി ചൈനയിലെത്തിയ മെസിക്ക് അഭൂതപൂർവമായ സ്വീകരണമാണ് ലഭിക്കുന്നത്. മെസി സഞ്ചരിക്കുന്നയിടത്തെല്ലാം ആരാധകർ കൂട്ടമായി എത്തുന്നു. ഇതിനിടയിൽ മെസിയുമായി ഒരു സെൽഫിയെടുക്കാൻ ആഢംബര ഹോട്ടലിൽ താമസിച്ച്, മണിക്കൂറുകൾ കാത്തുനിന്ന്, ബീജിംഗിലെ തിരക്കിലൂടെ ടീം ബസിനെ പിന്തുടർന്ന യുവാവിൻ്റെ സാഹസം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ലിയു യുഹാങ്ങ് എന്ന 26കാരനാണ് പ്രിയപ്പെട്ട താരത്തിനൊപ്പം ഒരു സെൽഫിയെടുക്കാൻ ഇത്ര ബുദ്ധിമുട്ടിയത്. ഹോട്ടലിനു പുറത്ത് മെസിയെ കാത്തുനിന്ന അസംഖ്യം ആരാധകരിൽ ലിയുവും ഉൾപ്പെട്ടിരുന്നു. മെസിയെ ഒരുനോക്ക് കാണുകയായിരുന്നു ലക്ഷ്യം. എന്നാൽ, തിരക്കിനിടെ അദ്ദേഹത്തെ ശരിക്ക് കാണാനായില്ല. ഇതോടെ മെസി താമസിക്കുന്ന അതേ ഹോട്ടലിൽ ലിയു മുറിയെടുത്തു. 280 ഡോളർ (2000 യുവാൻ) വാടകനൽകിയാണ് ലിയു ഹോട്ടലിൽ താമസിച്ചത്. എവിടെയെങ്കിലും വച്ച് മെസിയെ കണ്ടാലോ എന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കടുത്ത സുരക്ഷ കാരണം ഇതും പരാജയപ്പെട്ടു. ഞായറാഴ്ച ടീം പരിശീലനത്തിനായി പോകുന്നതുകണ്ട ലിയു തൻ്റെ സൈക്കിളിൽ ടീം ബസിനെ പിന്തുടർന്നു. തിരക്കേറിയ ബീജിംഗിലൂടെ ബസിനെ പിന്തുടർന്ന യുവാവ് ഒടുവിൽ ഒരു സെൽഫി ഒപ്പിച്ചു. ലിയുവിൻ്റെ സാഹസം കണ്ട്, ബസിനുള്ളിലിരുന്ന് അതിശയത്തോടെ നോക്കുന്ന മെസിയ്ക്കൊപ്പം ദൂരെനിന്ന് ഒരു സെൽഫി.
ശനിയാഴ്ചയാണ് മെസി ബീജിംഗിലെത്തിയത്. വർക്കേഴ്സ് സ്റ്റേഡിയത്തിൽ വ്യാഴ്ചാഴ്ച അർജൻ്റീന ഓസ്ട്രേലിയയെ നേരിടും.
Story Highlights: China Fan Selfie Messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here