‘ഇവിടെ വെച്ച് നിൻ്റെ തല ഞാൻ വെട്ടും’; ബുർഖ ധരിച്ച് മദ്യം വാങ്ങാനെത്തിയ യുവതിക്ക് നേരെ വധഭീഷണി

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുർഖ ധരിച്ച് മദ്യം വാങ്ങാനെത്തിയ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജയിലിൽ പോകേണ്ടി വന്നാലും യുവതിയെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. 30 വയസ് പ്രായം തോന്നിക്കുന്ന യുവതി ബുർഖ ധരിച്ച് മദ്യശാലയിൽ നിന്ന് മദ്യം വാങ്ങാനെത്തിയതായിരുന്നു. ഇതിനിടെ ഒരു സംഘം ഇവരെ തടഞ്ഞു നിർത്തി. ഇത് വീണ്ടും ആവർത്തിക്കാനാണ് ഉദ്ദേശമെങ്കിൽ അനന്തരഫലം അനുഭവിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ഇതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചു.
“നീ എന്തിനാണ് ഇവിടെ നിന്നും മദ്യം വാങ്ങുന്നത്? നിനക്ക് എന്നെ അറിയില്ല, ഞാൻ പലതവണ ജയിലിൽ പോയിട്ടുണ്ട്… ഇപ്പോൾ ഇവിടെ വെച്ച് നിൻ്റെ തല ഞാൻ വെട്ടും” – പ്രതികളിലൊരാൾ യുവതിയെ ഭീഷണിപ്പെടുത്തി. ഇതോടെ കൂടുതൽ പേർ യുവതിക്ക് നേരെ തിരിഞ്ഞു. ഇനി ഇത് ആവർത്തിക്കരുതെന്ന് രണ്ട് പേർ യുവതിയോട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.
“ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷഹനവാസ് (40), ആദിൽ അഹമ്മദ് (30), സാജിദ് അഹമ്മദ് (35) എന്നവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടു പേർ സഹോദരങ്ങളാണ്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാരാജാക്കി കസ്റ്റഡിയിൽ വാങ്ങി” – സംഭവത്തെക്കുറിച്ച് മുസാഫർനഗർ ഡിഎസ്പി വിക്രം ആയുഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതേസമയം യുവതി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Woman Buying Alcohol In Burqa Harassed, Threatened With Beheading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here