സംഘടനയ്ക്കായി ചോരചിന്തിയവര്‍ പുറത്ത്, ചാനല്‍ മുറിയില്‍ പാര്‍ട്ടിയ്ക്കായി സംസാരിച്ചുവെന്ന പേരില്‍ ചിലരെ അരിയിട്ട് വാഴിക്കുന്നു; എതിര്‍പ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ എ ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ നിശ്ചയിച്ചതിനെതിരെ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി പി എസ് അനുതാജ്. സംഘടനയ്ക്ക് വേണ്ടി തെരുവില്‍ ചോര ചിന്തിയ ഒരുപാട് പേര്‍ പുറത്ത് നില്‍ക്കുമ്പോള്‍ നോമിനേഷനിലൂടെയും, പറ്റി നടന്നും സംസ്ഥാന നേതൃ പട്ടികയില്‍ എത്തിയവരെ അരിയിട്ട് വാഴിക്കുന്നത് ശരിയല്ല എന്നുള്‍പ്പെടെയാണ് വിമര്‍ശനം. (Youth congress leader criticizes leadership President nominee)
സമരമുഖത്ത് നില്‍ക്കുന്ന സ്വന്തം ചിത്രം പങ്കുവച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുതാജ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പ്രതിസന്ധികള്‍ക്ക് ഇടയിലൂടെ പ്രസ്ഥാനം നീങ്ങുമ്പോഴും സ്ഥാപിത താല്‍പര്യക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ എന്തൊക്കെയോ മറയ്ക്കാനാണെന്ന് പൊതുസമൂഹം കരുതിയാല്‍ തെറ്റ് പറയാന്‍ കഴിയുമോ എന്നാണ് അനുതാജ് ചോദിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
പ്രിയപ്പെട്ടവരെ,
വീണ്ടും യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ആഗതമായിരിക്കുകയാണ്. നോമിനേഷന്‍ പ്രക്രിയ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ചാനല്‍ മുറിയില്‍ പാര്‍ട്ടിക്കായി സംസാരിച്ചതാണ് സംഘടന പ്രവര്‍ത്തനമെന്ന് ഉയര്‍ത്തിക്കാട്ടി സംസ്ഥാന പ്രസിഡന്റ് കുപ്പായം നോമിനേഷനിലൂടെ സംസ്ഥാന ഭാരവാഹിയായ ഒരാള്‍ക്ക് നല്‍കാന്‍ നീക്കം നടക്കുന്നത് ഇന്നത്തെ കാലത്ത് കോണ്‍ഗ്രസിന് ഭൂക്ഷണമല്ല. പ്രതിസന്ധികള്‍ക്ക് ഇടയിലൂടെ പ്രസ്ഥാനം നീങ്ങുമ്പോഴും സ്ഥാപിത താല്‍പര്യക്കാര്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കാട്ടിക്കൂട്ടുന്ന നാടകങ്ങള്‍ എന്തൊക്കെയോ മറയ്ക്കാനാണെന്ന് പൊതുസമൂഹം കരുതിയാല്‍ തെറ്റ് പറയാന്‍ കഴിയുമോ?
ഉമ്മന്‍ചാണ്ടി സാറിന്റെ പിന്‍മുറയെന്ന് അവകാശപ്പെട് ഗ്രൂപ്പ് നേതൃത്വം കൈയ്യാളുന്നവര്‍ ഒറ്റകെട്ടായി മുന്നോട്ട് പോകുന്നതിന് പകരം ഇന്ന് പാര്‍ട്ടിയെ പല തൊഴുത്തിലും മാറ്റി മാറ്റിക്കെട്ടുകയാണ്. ആര്‍ക്കാണ് അതിന്റെ ഗുണം?
സംഘടനയാണ് വലുതെന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് , സംഘടനയെ ചലിപ്പിച്ച….
സംഘടനയ്ക്ക് വേണ്ടി തെരുവില്‍ ചോര ചീന്തിയ ഒരുപാട് പേര്‍ പുറത്ത് നില്‍ക്കുമ്പോള്‍, നോമിനേഷനിലൂടെയും, പറ്റി നടന്നും സംസ്ഥാന നേതൃ പട്ടികയില്‍ എത്തിയവരെ അരിയിട്ട് വാഴിക്കുന്നത് ശരിയല്ല,
ധാര്‍മികതയല്ല.
ചിലരെ അരിയിട്ട് വാഴിക്കാന്‍ പ്രധാനി നടത്തിയ നീക്കങ്ങള്‍ നേതൃത്വത്തിലെ പലര്‍ക്കും അറിവുള്ളതാണല്ലോ? എന്നിട്ടും എന്തേ മൗനം…?
പറയുവാന്‍ ഇനിയും ഉണ്ട്.
അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് തത്കാലം മിണ്ടാതിരിക്കുകയാണ്. കാര്യങ്ങള്‍ എവിടെ വരെ പോകുമെന്ന് കാണട്ടെ…
Story Highlights: Youth congress leader criticizes leadership President nominee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here