മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി: മാധ്യമ വിരുദ്ധമെന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സിപിഐഎം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് നടപടിയിലെ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ സിപിഐഎം. പാര്‍ട്ടിക്കും സര്‍ക്കാരിനും മാധ്യമവിരുദ്ധ നിലപാടാണെന്ന പ്രചാരണത്തെ നേരിടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണം നടത്തും. താഴെ തട്ടില്‍ സമൂഹ മാധ്യമ ഇടപെടല്‍ ശക്തമാക്കാനും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു പോകാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ( CPIM decided to counter criticisms of being anti-media)
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാനത്ത് നടക്കുന്നത് മാധ്യമ വേട്ടയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാകുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകില്ലെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍ പ്രതികരിച്ചു. തുടര്‍ച്ചയായി പൊലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന രീതിയാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് പിന്തുടരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.കേരളത്തിലെ മാധ്യമസ്വാതന്ത്ര്യത്തെ പിണറായി വിജയന്‍ സംപൂജ്യമാക്കിയെന്ന് സുധാകരന്‍ വിമര്‍ശിച്ചു.
സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ മറച്ചുവെക്കാനുള്ള ശ്രമമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യമെന്നാല്‍ കമ്മ്യൂണിസ്റ്റ് വേട്ട നടത്തുമ്പോള്‍ ശരിയും അല്ലാത്തപ്പോള്‍ തെറ്റുമാകുന്ന നിലയാണെന്ന് സിപിഐഎം നേതാവ് എംവി ജയരാജന്‍ പറഞ്ഞു. തന്നെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചപ്പോള്‍ 11 മാധ്യമപ്രവര്‍ത്തകര്‍ മൊഴി നല്‍കിയെന്നും എംവി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here