പുതിയ ആവാസ വ്യവസ്ഥയോട് പൊരുത്തപ്പെടുന്നു; അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പന്റെ പുതിയ ചിത്രം പുറത്തുവിട്ട് തമിഴ്‌നാട് വനംവകുപ്പ്. അരികൊമ്പൻ
ആനകളക്കാട് മുണ്ടൈൻതുറൈ കടുവ സങ്കേതത്തിൽ തന്നെ തുടരുന്നുവെന്ന് വനംസെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് അരിക്കൊമ്പൻ പൊരുത്തപ്പെടുന്നു. ആന ആരോഗ്യവാനെന്നും നിരീക്ഷണം തുടരുന്നുവെന്നും തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു.
അതേസമയം അരിക്കൊമ്പനെ കേരളത്തിലെത്തിക്കണമെന്ന ഹർജി തള്ളി. മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് ഹർജി തള്ളിയത്. ആനയെ എവിടെ വിടണമെന്ന് നിർദേശിയ്ക്കാൻ കോടതിയ്ക്ക് കഴിയില്ലെന്നും അത് തീരുമാനിയ്‌ക്കേണ്ടത് വനംവകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടി. തിരുനെൽവേലി വനമേഖലയിൽ അരിക്കൊമ്പൻ സുഖമായി ഇരിയ്ക്കുന്നുവെന്ന് വനംവകുപ്പ് കോടതിയിൽ അറിയിച്ചു.
എറണാകുളം സ്വദേശി റബേക്ക ജോസഫിന്റെ ഹർജിയാണ് കോടതി തള്ളിയത്. ഫോറസ്റ്റ് കേസുകൾ കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് സതീഷ് കുമാറിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്. തമിഴ് നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ മതികെട്ടാൻ വനമേഖലയിൽ വിടണമെന്നായിരുന്നു ഹർജി.
നേരത്തെ, അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്റിട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് കേരളാ ഹൈക്കോടതിയുടെ വിമർശനം നേരിട്ടിരുന്നു. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. തമിഴ്നാട് വനം വകുപ്പ് ആനയെ എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചതായി തെളിവില്ല. ഈ സ്ഥിതിക്ക് എന്തിന് ആനയെ തിരികെ കൊണ്ട് വരണമെന്ന് കോടതി ചോദിച്ചു. അരിക്കൊമ്പൻ ദൗത്യത്തിനായി സർക്കാർ ചെലവഴിച്ചത് 80 ലക്ഷം രൂപയാണ്. മാത്രമല്ല സർക്കാർ കടബാധ്യതയിലുമാണ്. ഇനി തമിഴ്നാട് സർക്കാർ ആനയെ മാറ്റാൻ തയ്യാറായാൽ എല്ലാ ചിലവും സാബു വഹിക്കുമോയെന്നും കോടതി പരിഹസിച്ചിരുന്നു.
Story Highlights: Tamil Nadu Forest Department released a new picture of Arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here