വഴക്കമുള്ള സ്വഭാവ നടൻ; വേഷമിട്ടത് 600 ലേറെ ചിത്രങ്ങളിൽ; പൂജപ്പുര രവി ഇനി ഓർമ

നാടകവേദികൾ അടക്കി ഭരിച്ചതിനു ശേഷം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനായിരുന്നു പൂജപ്പുര രവി. നിത്യ ഹരിത നായകൻ പ്രേം നസിർ മുതൽ പുതു തലമുറയുടെ ആവേശമായ ടോവിനോ തോമസിനൊപ്പം വരെ അറുനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. ( poojapura ravi profile )
സിനിമകളെ വെല്ലുന്ന കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി ശ്രദ്ധേയനാകുന്നത്. നാടകത്തിലെ ജനപ്രാതി വർധിച്ചതോടെ എഴുപതുകളുടെ പകുതിയിലാണ് പൂജപ്പുര രവി സിനിമയിലെത്തുന്നത്. ഗാംഭീര്യമുള്ള ശബ്ദവും, വഴക്കമുള്ള അഭിനയ ശൈലിയും രവിയുടെ സവിശേഷതയായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയുള്ള പൊലീസ് വേഷങ്ങളിലും തമിഴ് സ്വാമി വേഷങ്ങളോടെയുമാണ് രവി തന്റെ വ്യക്തി മുദ്ര പതിപ്പിച്ചത്.
പ്രേം നാസിറിനോടൊപ്പം ആദ്യകാല ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ വലിയൊരു സൗഹൃദം സൂക്ഷിച്ചിരുന്നു പൂജപ്പുര രവി. അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലായിരുന്നു നാസിറിനൊപ്പം പൂജപ്പുര രവി ആദ്യമായി അഭിനയിച്ച ചിത്രം. പ്രിയദർശന്റെ പ്രിയ നടനായിരുന്നു രവി അദ്ദേഹത്തിന്റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.
അക്കരെ നിന്നൊരു മാരനിലെ ബസ് ഡ്രൈവർ, ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയിലെ ഫയൽവാൻ വാസുപിള്ള, കള്ളൻ കപ്പലിൽ തന്നെ എന്ന സിനിമയിലെ സ്വാമി, ഓഗസ്റ്റ് ഒന്നിലെ സർക്കാരുദ്യോഗസ്ഥൻ തുടങ്ങിയവ പൂജപ്പുര രവിയുടെ എണ്ണപ്പെട്ട കഥാപാത്രങ്ങളിലെ പട്ടികയിലെ ചിലതു മാത്രം. അവസാനമായി അഭിനയിച്ച ഗപ്പി എന്ന ചിത്രത്തിലെ ചിന്നപ്പൻ എന്ന നന്മയുള്ള വേഷം പ്രേക്ഷകരുടെ മനസ്സ് നിറക്കുന്നതായിരുന്നു.
ഭാര്യയുടെ മരണശേഷം പൂജപ്പുരയിൽ തന്നെയായിരുന്ന രവി അവസാന നാളുകളിൽ മകൾക്കൊപ്പം മറയൂരിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
Story Highlights: poojapura ravi profile
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here