രാജസ്ഥാനിൽ ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതികളിൽ രണ്ട് പൊലീസുകാരും

രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതികളിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു. കുറ്റാരോപിതരായ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചു. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ചൊവ്വാഴ്ച ഖജുവാല മേഖലയിൽ നിന്നാണ് 20 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് ഇൻസ്പെക്ടർ ജനറൽ ഓം പ്രകാശ് പറഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിച്ചിരിക്കുന്നത്. ഖജുവാല പൊലീസ് സ്‌റ്റേഷനിലെ രണ്ട് കോൺസ്റ്റബിൾമാരടക്കം മൂന്ന് പേർക്കെതിരെയാണ് ആരോപണം. ഇതേതുടർന്ന് കുറ്റാരോപിതരായ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ഓം പ്രകാശ് പറഞ്ഞു.
ഇതിനിടെ പോസ്റ്റ്‌മോർട്ടം നടപടികൾ തടഞ്ഞ കുടുംബാംഗങ്ങൾ മൃതദേഹവുമായി ധർണ നടത്തി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അനുനയിപ്പിച്ച ശേഷമാണ് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തീകരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (എസ്‌പി) തേജസ്വനി ഗൗതം പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ഡി (കൂട്ടബലാത്സംഗം) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഖജുവാല പൊലീസ് അറിയിച്ചു.
Story Highlights: 2 Rajasthan Cops Suspended Over Suspicion Of Rape, Murder Of Dalit Girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here