‘സമൂഹത്തിന്റെ കണ്ണിൽ അമ്മ മോശക്കാരിയായതുകൊണ്ട് മാത്രം കുട്ടിക്ക് ദോഷം വരുന്ന കാര്യം അമ്മ ചെയ്യുമെന്ന് പറയാനാകില്ല’ : ഹൈക്കോടതി

സമൂഹത്തിന്റെ കണ്ണിൽ അമ്മ മോശക്കാരിയായതുകൊണ്ട് മാത്രം കുട്ടിക്ക് ദോഷം വരുന്ന കാര്യം അമ്മ ചെയ്യുമെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. കുട്ടിയുടെ സംരക്ഷണാവകാശത്തെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. (
Kerala Highcourt on mother child custody )
‘കുട്ടിയുടെ സംരക്ഷണാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ കുട്ടിയുടെ ക്ഷേമത്തിനാണ് പ്രഥമ പരിഗണന. മറ്റുള്ളവരുടെ കണ്ണിൽ ഒരു പുരുഷനോ സ്ത്രീയോ മോശമായിരിക്കും, പക്ഷേ കുട്ടിക്ക് അവർ ദോഷകരമാകണമെന്നില്ല. സമൂഹത്തിന്റെ കണ്ണിൽ അമ്മ മോശക്കാരിയായതുകൊണ്ട് മാത്രം കുട്ടിക്ക് ദോഷം വരുന്ന കാര്യം അമ്മ ചെയ്യുമെന്ന് പറയാനാകില്ല’- കോടതി പറഞ്ഞു.
അച്ഛന് കുട്ടിയുടെ സംരക്ഷണാവകാശം നൽകിയ കുടുംബ കോടതി ചോദ്യം ചെയ്തുകൊണ്ട് യുവതി നൽകിയ അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിപ്പോയ വ്യക്തിയാണ് കുട്ടിയുടെ അമ്മയെന്നും അതുകൊണ്ട് കുട്ടിയുടെ സംരക്ഷണം അമ്മയ്ക്ക് നൽകാനാവില്ലെന്നുമായിരുന്നു കുടുംബകോടതിയുടെ വിധി. എന്നാൽ താൻ ഭർത്താവിനെ ഉപേക്ഷിക്കാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും ഭർത്താവുമായുള്ള വിവാഹ ബന്ധം വേദനകൾ നിറഞ്ഞതായിരുന്നുവെന്നും യുവതി പറഞ്ഞു.
ഹൈക്കോടതി യുവതിയുടെ ഈ വാദവും അംഗീകരിക്കുന്നുണ്ട്. ‘ ഒരു വിവാഹ ബന്ധം വേണ്ടെന്ന് വയ്ക്കാൻ പല കാരണങ്ങളും ഒരാൾക്കുണ്ടാകും’- കോടതി പറഞ്ഞു.
കുട്ടിയുടെ അമ്മയ്ക്കും അച്ഛനും സംരക്ഷണാവകാശം തുല്യമായി കോടതി നൽകി. ഓരോ വെള്ളിയാഴ്ചയും കുട്ടിയെ അച്ഛനും അമ്മയും മാറി മാറി ഏറ്റെടുക്കണം. ആലപ്പുഴ കുടുംബ കോടതിയിൽ വച്ച് തന്നെ കുട്ടിയെ കൈമാറണമെന്നും ഹൈക്കോടതി പറഞ്ഞു.
Story Highlights: Kerala Highcourt on mother child custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here