നരേന്ദ്ര മോദി യുഎസ് പ്രഥമ വനിത ജിൽ ബൈഡന് നൽകിയ ‘അപൂർവ ഗ്രീൻ ഡയമണ്ട്’; അറിയാം സമ്മാനത്തെക്കുറിച്ച്

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് പ്രത്യേക സമ്മാനം നൽകി. 7.5 കാരറ്റ് ഗ്രീൻ ഡയമണ്ടാണ് സമ്മാനമായി നൽകിയത്. സൗരോർജ്ജം, കാറ്റ് വൈദ്യുതി തുടങ്ങിയ സുസ്ഥിര വിഭവങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ ഡയമണ്ട് എന്ന് പത്രക്കുറിപ്പിൽ പറയുന്നു. കശ്മീരിലെ അതിമനോഹരമായ പേപ്പിയർ മാഷെ ബോക്സിൽ വെച്ചാണ് 7.5 കാരറ്റ് വജ്രം ജിൽ ബൈഡന് സമ്മാനിച്ചത്.
അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൂക്ഷ്മതയോടെയുമാണ് ഗ്രീൻ ഡയമണ്ട് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു കാരറ്റിന് 0.028 ഗ്രാം കാർബൺ മാത്രമേ പുറന്തള്ളൂകയുള്ളു. ജെമോളജിക്കൽ ലാബ് സാക്ഷ്യപ്പെടുത്തിയതാണ് ഇത്.
ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തെയും സുസ്ഥിര അന്താരാഷ്ട്ര ബന്ധങ്ങളോടുള്ള പ്രതിബദ്ധതയെയും ഇത് പ്രതീകപ്പെടുത്തുന്നു. കശ്മീരിന്റെ അതിമനോഹരമായ കരകൗശലത്തെ മനോഹരമായി പകർത്തുന്ന കർ-ഇ-കലാംദാനി എന്നറിയപ്പെടുന്ന പെട്ടിയിലാണ് അസാധാരണമായ രത്നം സ്ഥാപിച്ചിരിക്കുന്നത്. വജ്രത്തിന്റെ ചിത്രങ്ങളും വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിൽ പങ്കുവച്ചു.
ജോ ബൈഡന് പ്രധാനമന്ത്രി മോദി സമ്മാനിച്ചത്
ജയ്പൂരിൽ നിന്നുള്ള ഒരു വിദഗ്‌ധ ശിൽപിയുടെ കരകൗശലത്തിൽ നിർമിച്ച പ്രത്യേക ചന്ദനപ്പെട്ടി പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു. കർണാടകയിലെ മൈസൂരിൽ നിന്നുള്ള ചന്ദനത്തിൽ സസ്യജന്തുജാലങ്ങളുടെ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. പെട്ടിയിൽ ഗണപതിയുടെ ഒരു വെള്ളി വിഗ്രഹം, ഒരു എണ്ണ വിളക്ക്, ഒരു ചെമ്പ് തകിട്, ചിഹ്നങ്ങൾ അടങ്ങിയ 10 വെള്ളി പെട്ടികൾ എന്നിവ ഉണ്ടായിരുന്നു.
പ്രധാനമന്ത്രി മോദി ന്യൂയോർക്കിൽ നിന്ന് വാഷിംഗ്ടണിൽ എത്തി, അവിടെ യുഎൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പ്രമുഖ വ്യക്തികളും പങ്കെടുത്ത അന്താരാഷ്ട്ര യോഗ ദിനത്തിൽ യുഎൻ ആസ്ഥാനത്ത് നടന്ന ചരിത്രപരമായ പരിപാടിക്ക് നേതൃത്വം നൽകി. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം ജൂൺ 21 മുതൽ 24 വരെ അദ്ദേഹം യുഎസ് സന്ദർശിക്കുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here