കൊവിൻ ഡാറ്റ ചോർച്ച: ബിഹാർ സ്വദേശി അറസ്റ്റിൽ

രാജ്യത്ത് കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഒരു ബിഹാർ സ്വദേശിയെയാണ് ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ഐഎഫ്‌എഫ്‌എസ്ഒ യൂണിറ്റ് പിടികൂടിയത്. അറസ്റ്റിലായ പ്രതിയുടെ അമ്മ ബിഹാറിൽ ആരോഗ്യ പ്രവർത്തകയായി ജോലി ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
അമ്മയുടെ സഹായത്തോടെ പ്രതി കൊവിൻ പോർട്ടലിന്റെ വിവരങ്ങൾ മോഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. പോർട്ടലിന്റെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാളെ കൂടി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.
വാക്‌സിൻ സ്വീകരിച്ചവരുടെ ആധാർ വിവരങ്ങൾ, പാസ്‌പോർട്ട്, പാൻ കാർഡ് നമ്പർ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാർ പോർട്ടലായ കൊവിനിൽ നിന്നുമാണ് ഡാറ്റ ചോർന്നതെന്നായിരുന്നു ആരോപണം. പിന്നാലെ പോർട്ടൽ പൂർണ്ണമായും സുരക്ഷിതമാണെന്നും വിവരങ്ങൾ ചോർന്നിട്ടില്ലെന്നും പുറത്തുവന്ന കണക്കുകൾ പഴയതാണെന്നും സർക്കാർ വിശദീകരിച്ചു. ഈ കേസിലാണ് നിർണായക അറസ്റ്റുണ്ടായിരിക്കുന്നത്.
Story Highlights: Days After CoWIN Data Leak Reports; Arrest In Bihar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here