Advertisement

കെ.സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിലെത്തുമ്പോൾ തള്ളിപ്പോകും; എ.കെ ആൻ്റണി

June 24, 2023
1 minute Read

കെ സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ​ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

അതിനിടെ മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സർക്കാർ നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

അതേസമയം, സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിൽ, ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ അറിയിച്ചു. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതിനെ കുറിച്ച് ചർച്ച ചെയുന്നുണ്ട്. പാർട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താൻ തയ്യാറല്ല. അന്വേഷണം നേരിടുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.

തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

തൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നും എന്തെങ്കിലും തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെയെന്നുമുള്ള നിലപാടിലാണ് സുധാകരൻ. തനിക്ക് ഒന്നിനോടും ഭയമില്ല. “എന്ത് മൊഴി ഉണ്ടെങ്കിലും, എന്റെ മനസ്സിൽ ഒരു കുറ്റബോധവുമില്ലാത്തിടത്തോളം, ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല. തെളിവുണ്ടെങ്കിൽ കൊണ്ടുവരട്ടെ, അവിടെ വച്ച് കാണാം. പക്ഷെ എനിക്കൊരു വിശ്വാസമുണ്ട്. ഞാൻ എന്ത് ചെയ്തു, ചെയ്തില്ല എന്ന് എനിക്കല്ലേ അറിയൂ? എൻ്റെ മനഃസാക്ഷിക്കനുസരിച്ച് ഞാൻ പറയുന്നു…എൻ്റെ ഭാഗത്ത് നിന്ന് ഒരു പാളിച്ചയും പാകപ്പിഴയും വന്നിട്ടില്ല. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല, കൈക്കൂലിയും വാങ്ങിയിട്ടില്ല.” – സുധാകരൻ പറഞ്ഞു.

Story Highlights: A K Antony reacts K Sudhakaran’s arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top