Advertisement

പിതാവിനെ കാണാന്‍ അനുമതി; അബ്ദുള്‍ നാസര്‍ മഅദനിക്ക് 12 ദിവസം കേരളത്തില്‍ തുടരാം

June 24, 2023
3 minutes Read
Abdul Nasser Madani can stay in Kerala for 12 days

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി തിങ്കളാഴ്ച കേരളത്തിലെത്തും. 12 ദിവസത്തെ സന്ദര്‍ശനത്തിനാണ് കേരളത്തിലേക്ക് വരാന്‍ മഅദനിക്ക് അനുമതി ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് മഅദനിയുടെ യാത്ര. കൊല്ലത്തുള്ള പിതാവിനെ കണ്ട ശേഷം ജൂലൈ ഏഴിനാകും മടക്കം. (Abdul Nasser Madani can stay in Kerala for 12 days)

രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്. എന്നാല്‍ മഅദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ വന്‍ തുക ചിലവാകുമെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാകില്ലെന്നുമായിരുന്നു ആദ്യം കര്‍ണാടക പൊലീസ് സ്വീകരിച്ച നിലപാട്. നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് മഅദനിക്ക് കേരളത്തിലേത്ത് വരാന്‍ സാഹചര്യമൊരുങ്ങുന്നത്‌.

വിചാരണ പൂര്‍ത്തിയായെങ്കില്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി നേരത്തെ ചോദിച്ചിരുന്നു. ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണയില്‍ അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ മഅദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. നേരത്തെ മഅദനിക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഒരു കാരണവശാലും ബംഗളൂരു വിട്ടുപോകരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.

2008ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസുമായി ബന്ധപ്പെട്ടാണ് അബ്ദുള്‍ നാസര്‍ മഅദനി ബംഗളൂരുവില്‍ വിചാരണ തടവുകാരനായി കഴിയുന്നത്. വിചാരണ പൂര്‍ത്തിയായാല്‍ മഅദനിയെ കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കാത്തതിനെ സുപ്രിംകോടതിയും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സ്ഥിരം കുറ്റവാളിയാണെന്ന് അവകാശപ്പെട്ട്, മഅദനിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കര്‍ണാടക പൊലീസ് സുപ്രിംകോടതിയില്‍ വാദിച്ചത്. വിചാരണയില്‍ അന്തിമവാദം മാത്രം ബാക്കിയുള്ളതിനാല്‍ മഅദനിയെ ബംഗളൂരുവില്‍ തന്നെ നിര്‍ത്തുകയായിരുന്നു കര്‍ണാടക സര്‍ക്കാര്‍.

Read Also: സിദ്ദീഖ് കാപ്പന്റെ ജാമ്യം; സത്യത്തെ ഇരുമ്പ് മറയ്ക്കുള്ളിൽ ഒളിപ്പിച്ചാലും നീതിയുടെ പ്രകാശം പുറത്തുവരുമെന്ന് മഅദനി


കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്

മഅദനിയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നിലപാടെടുത്തു. മഅ്ദനിയെ തിരിച്ചുവരാന്‍ അനുവദിച്ചാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മഅദനി ഇന്നുവരെ ഒരു ജാമ്യവ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്ന് എടുത്തുപറഞ്ഞാണ് സുപ്രിംകോടതി ഇതിലിടപെട്ടത്.

ബംഗളൂരു സ്‌ഫോടനം

2008 ജൂലായ് 25 ന് ബംഗളൂരുവില്‍ നടന്ന ഒമ്പത് ബോംബ് സ്‌ഫോടന പരമ്പരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് മഅദനിയെ കസ്റ്റഡിയിലെടുത്തത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിലേറെയായി മഅദനിയുടെ വിചാരണ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.

Story Highlights: Abdul Nasser Madani can stay in Kerala for 12 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top