Advertisement

ഡൽഹിയിൽ ഈനാംപേച്ചിയാണെങ്കിൽ കേരളത്തിലുള്ളത് മരപ്പട്ടി; കേന്ദ്ര, കേരള സർക്കാരുകളെ പരിഹസിച്ച് കെ. മുരളീധരൻ

June 24, 2023
Google News 2 minutes Read
K Muraleedharan Criticizing central and Kerala governments

ഡൽഹിയിൽ നോക്കുമ്പോൾ ഈനാംപേച്ചിയെങ്കിൽ കേരളത്തിൽ മരപ്പട്ടിയാണെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരന്റെ പരിഹാസം. പ്രതിപക്ഷ നേതാക്കളെ എല്ലാം ഓരോ കേസിൽ പെടുത്താനാണ് സർക്കാരിന്റെ നീക്കം. ഹരിശ്ചന്ദ്രന്റെ പെങ്ങളാണെന്നാണ് കെ. വിദ്യയുടെ വിശദീകരണം. സംസ്കാരമില്ലാത്ത കൂട്ടമായി കേരള പൊലീസ് മാറിയ കാഴ്ച്ചയാണ് നാം കാണുന്നത്. കേരളത്തിലെ ബുദ്ധിജീവികൾ കാഷ്വൽ ലീവെടുത്ത് പോയിരിക്കുകയാണ്. ചീത്ത കീഴ് വഴക്കമാണ് സർക്കാർ ഉണ്ടാക്കിയത്. കെ സുധാകരന് പൂർണ പിന്തുണ നൽകുകയാണെന്നും അദ്ദേഹം മാറി നിൽക്കേണ്ട കാര്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. ( K Muraleedharan Criticizing central and Kerala governments ).

കെ സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺ​ഗ്രസ് നേതാവ് എകെ ആന്റണി പ്രതികരിച്ചു. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാ​ഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാ​ഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ​ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.

അതിനിടെ മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെ. സുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സർക്കാർ നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും വി ഡി സതീശൻ ചോദിച്ചു.

അതേസമയം, സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായതിന്റെ പശ്ചാത്തലത്തിൽ, ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ്‌ സ്ഥാനം ഒഴിയാമെന്ന് കെ. സുധാകരൻ അറിയിച്ചു. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതിനെ കുറിച്ച് ചർച്ച ചെയുന്നുണ്ട്. പാർട്ടിക്ക് ഹാനികരമാക്കുന്ന ഒന്നിനും താൻ തയ്യാറല്ല. അന്വേഷണം നേരിടുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും സുധാകരൻ പ്രതികരിച്ചു.

തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് ഇന്നലെയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ. സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

Story Highlights: K Muraleedharan Criticizing central and Kerala governments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here