വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ ഒറിയോൺ എന്ന സ്ഥാപനത്തിൽ ഇന്ന് നിഖിലിനെ എത്തിക്കും; കായംകുളത്തും തെളിവെടുപ്പ്

വ്യാജ ബിരുദ കേസിൽ പോലീസ് കസ്റ്റഡിയിൽ വിട്ട നിഖിൽ തോമസുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഒളിവിൽ പോകുന്നതിന് മുമ്പ് മൊബൈൽ ഫോൺ കായംകുളം കരിപ്പുഴ തോട്ടിൽ ഉപേക്ഷിച്ചെന്നാണ് നിഖിൽ പോലീസിന് നൽകിയ മൊഴി. ഇവിടെയും കേരള, കലിംഗ സർവകലാശാലകളിലും സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയ എറണാകുളത്തെ ഒറിയോൺ എന്ന സ്ഥാപനത്തിലും നിഖിൽ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും പോലീസ് തെളിവെടുപ്പ് നടത്തും. വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തുന്നതിന് രണ്ടാം പ്രതിയായ അബിൻ രാജിൻ്റെ അമ്മയുടെ അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയെന്ന് നിഖിൽ സമ്മതിച്ചിട്ടുണ്ട്. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിക്കുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പോലീസിൻ്റെ ശ്രമം. ചൊവ്വാഴ്ച നിഖിലിൻ്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. (Nikhil Thomas collection evidence kayamkulam)
വ്യാജ ഡിഗ്രിയുടെ ബുദ്ധി കേന്ദ്രം എസ്എഫ്‌ഐ മുന്‍ കായംകുളം ഏരിയ പ്രസിഡന്റ് അബിന്‍ സി രാജാണെന്നാണ് നിഖില്‍ മൊഴി നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ വിദേശത്തു അധ്യാപകനായി ജോലി ചെയ്യുകയാണ്. 2020ല്‍ ഇയാള്‍ക്കു 2 ലക്ഷം രൂപ കൈമാറിയെന്നും നിഖില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഒളിവില്‍ പോയ രാത്രി ഫോണ്‍ ഓടയില്‍ കളഞ്ഞെന്നാണ് നിഖില്‍ പറയുന്നത്. മുഴുവന്‍ യാത്രകളും നടത്തിയത് കെഎസ്ആര്‍ടിസി ബസ്സില്‍ തനിച്ചാണ്. കയ്യിലെ പണം തീര്‍ന്നതു മൂലമാണ് കീഴടങ്ങാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയിലെത്തി സാഹചര്യം നോക്കി കായംകുളത്ത് എത്താനായിരുന്നു തീരുമാനമെന്നും നിഖില്‍ മൊഴി നല്‍കി.
കായംകുളം എംഎസ്എം കോളജില്‍ ബികോം വിദ്യാര്‍ഥിയായിരുന്ന നിഖില്‍ പരീക്ഷ ജയിക്കാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിനു ചേര്‍ന്ന വിവരം പുറത്തുവന്ന ശേഷം എസ്എഫ്‌ഐ നേതാക്കളെ കാണാന്‍ 18 ന് തിരുവനന്തപുരത്തു പോയപ്പോള്‍ സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗം ഒപ്പമുണ്ടായിരുന്നു. ഇയാളെയും ചേര്‍ത്തലയിലെ ഒരു എസ്എഫ്‌ഐ നേതാവിനെയും ചോദ്യം ചെയ്തപ്പോഴാണ് ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പൊലീസിനു വിവരം ലഭിച്ചത്.
Story Highlights: Nikhil Thomas collection evidence kayamkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here