Advertisement

മഅദനി കേരളത്തിലെത്തി; നെടുമ്പാശേരി വിമാനത്താവളത്തില്‍ വരവേറ്റ് പിഡിപി പ്രവര്‍ത്തകര്‍

June 26, 2023
Google News 2 minutes Read
Abdul Nazer Mahdani

പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തില്‍. പിഡിപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഅദനിയെ വരവേല്‍ക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് എത്താന്‍ സാഹചര്യമുണ്ടായത്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ പന്ത്രണ്ട് ദിവസം കേരളത്തില്‍ തുടരുന്ന മഅ്ദനി ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും.(Abdul Nazer Mahdani reached Kerala)

രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി പ്രതികരിച്ചു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.

രോഗബാധിതനായ പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി മഅദനി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രിം കോടതി അദ്ദേഹത്തിന് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍ പാലിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. കര്‍ണാടക പൊലീസിന്റെ സാന്നിധ്യത്തിലായിരിക്കണം മഅദനി കേരളത്തിലേക്ക് വരേണ്ടത്. എന്നാല്‍ മഅദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ വന്‍ തുക ചിലവാകുമെന്നും ഇത് തങ്ങള്‍ക്ക് താങ്ങാനാകില്ലെന്നുമായിരുന്നു ആദ്യം കര്‍ണാടക പൊലീസ് സ്വീകരിച്ച നിലപാട്. നിബന്ധനകളില്‍ കര്‍ണാടക സര്‍ക്കാര്‍ ഇളവ് വരുത്തിയതോടെയാണ് മഅദനിക്ക് കേരളത്തിലേത്ത് വരാന്‍ സാഹചര്യമൊരുങ്ങുന്നത്.

Read Also: ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടില്ല; സുധാകരന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി

2008 ജൂലായ് 25 ന് ബംഗളൂരുവില്‍ നടന്ന ഒമ്പത് ബോംബ് സ്‌ഫോടന പരമ്പരയില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബംഗളൂരു സിറ്റി പൊലീസിന്റെ റിപ്പോര്‍ട്ടനുസരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനെന്ന് ആരോപിച്ചാണ് മഅദനിയെ കസ്റ്റഡിയിലെടുത്തത്. നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് 2014ല്‍ കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചത്. എന്നാല്‍ ഏഴ് വര്‍ഷത്തിലേറെയായി മഅദനിയുടെ വിചാരണ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല.

Story Highlights: Abdul Nazer Mahdani reached Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here