Advertisement

18ആം വയസിൽ വീട്ടമ്മയെ കൊലപ്പെടുത്തി ചെവി അറുത്തുമാറ്റി കമ്മൽ ഊരിയെടുത്തു; പ്രതി 27 വർഷങ്ങൾക്കു ശേഷം പിടിയിൽ

June 26, 2023
2 minutes Read

മാവേലിക്കരയിൽ കൊലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി ഇരുപത്തി ഏഴ് വർഷങ്ങൾക്ക് ശേഷം പിടിയിൽ. മാങ്കാങ്കുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിനുശേഷം എറണാകുളത്ത് നിന്നും പിടിയിലായത്. ഇവർ വർഷങ്ങളായി വ്യാജ പേരിൽ ഇവിടെ താമസിച്ചുവരികയായിരുന്നു. (murder culprit arrested later)

തൻ്റെ പതിനെട്ടാം വയസ്സിൽ അതിദാരുണമായ കൊലപാതകം നടത്തിയ പ്രതിയാണ് കാൽനൂറ്റാണ്ടിലേറെ ഒളിവിൽത്തുടർന്ന് ഒടുവിൽ പൊലീസിൻ്റെ വലയിലായത്. കൊലപാതകം നടന്ന് മുപ്പത്തിമൂന്ന് വർഷവും ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വർഷവുമായ കേസിലാണ് ഒടുവിൽ അറസ്റ്റ്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്നായിരുന്നു അറുനൂറ്റിമംഗലം പുത്തൻവീലിൽ വീട്ടിൽ അച്ചാമ്മ ഒളിവിൽ പോയത്. എറണാകുളം ജില്ലയിൽ പല്ലാരിമംഗലം അടിമാടിൽ കാടുവെട്ടിവിളയിൽ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു താമസം. 1990 ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് മാങ്കാങ്കുഴിപ്പറമ്പിൽ പാപ്പച്ചൻ്റെ ഭാര്യ മറിയാമ്മ വീടിനുള്ളിൽ കൊല്ലപ്പെട്ടത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ടായിരുന്നു കൊലപാതകം. മറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. ഇവരുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തുമാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരിയെടുത്തത്.

മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകൾ ഏറ്റിരുന്നു. സ്വന്തം മകളെപ്പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യമാരും വിശ്വസിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലാവുകയായിരുന്നു. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര കോടതി റെജിയെ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്റ്റംബർ പതിനൊന്നിന് കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലർത്തിയിരുന്നില്ല. റെജി ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിൽ ഐമനത്തും ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരിൽ വീടുകളിൽ അടുക്കൽ പണിക്കായി നിന്നിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. ഒരു കെട്ടിട നിർമ്മാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്നാട്ടിലേക്ക് പോയി എന്നും നാട്ടുകാർ പറഞ്ഞു.

അന്വേഷണത്തിനൊടുവിൽ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്ത് അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ച് വരുന്നതായി കണ്ടെത്തിയത്. 96ൽ ഹൈക്കോടതി വിധി വന്ന ശേഷം ഒളിവിൽ പോയ റെജി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലി ചെയ്തുവരികയും ആ കാലയളവിൽ തമിഴ്നാട് തക്കൽ സ്വദേശിയുമായി പരിചയത്തിലാവുകയും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതിൽ ഇവർ വിവാഹിതരാവുകയും ചെയ്തു. കുറച്ചുനാൾ തക്കലയിലും പിന്നീ കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്തുമായിരുന്നു താമസം. കഴിഞ്ഞ അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുകയായിരുന്നു പ്രതി.

Story Highlights: murder culprit held 27 years later

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top