Advertisement

വഴയില-പഴകുറ്റി നാലുവരിപ്പാത: നഷ്ടപരിഹാരത്തുക 117 കോടി റവന്യൂ വകുപ്പിന് കൈമാറി

June 26, 2023
Google News 3 minutes Read
Vazhayila-Pazhakuti four-lane road_ Rs 117 crore as compensation handed over to revenue department

ദീർഘനാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വഴയില-പഴകുറ്റി നാലുവരിപ്പാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യഘട്ട റീച്ചിലെ ഭൂമിവിട്ട് നൽകുന്നവർക്ക് കെ.ആർ.എഫ്.ബി അനുവദിച്ച നഷ്ടപരിഹാരതുകയായ 117.78 കോടി രൂപ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജിന് കൈമാറി. ഓഗസ്റ്റ് മാസത്തോടെ നഷ്ടപരിഹാരത്തുക ഭൂഉടമകൾക്ക് വിതരണം ചെയ്യുന്ന തരത്തിൽ നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. (Vazhayila-Pazhakuti four-lane road: Rs 117 crore as compensation handed over)

മൂന്ന് റീച്ചുകളിലായാണ് നാലുവരിപ്പാത നിർമാണം നടക്കുന്നത്. വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിൽ ഏഴ് ഏക്കർ 80 സെന്റ് ഭൂമിയാണ് ഏറ്റെടുക്കുന്നത്. ആദ്യ റീച്ചിൽ 359 പദ്ധതി ബാധിതരാണുള്ളത്. 271 പേർക്ക് 4,73,64,000 രൂപയാണ് കെ.ആർ.എഫ്.ബി പുനരധിവാസ പാക്കേജായി അനുവദിച്ചിട്ടുള്ളത്. പൂർണമായും വീട്നഷ്ടപ്പെട്ടവർക്കായി 4,60,000 രൂപയും, വാടകകെട്ടിടത്തിൽ തൊഴിലാളികൾ ഉൾപ്പെടെ വ്യാപാരം നടത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും, സ്വന്തം കെട്ടിടത്തിൽ തൊഴിലാളികളോടുകൂടി വ്യാപാരം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയും, ഈ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 36,000 രൂപയും പുറമ്പോക്കിൽ വ്യാപാരം നടത്തുന്നവർക്ക് 30,000 രൂപയുമാണ് പുനരധിവാസ പാക്കേജിലുള്ളത്. ഭൂമിയുടെ വില, കെട്ടിടങ്ങളുടെ വില, കൃഷി / മരങ്ങളുടെ വില, പുനരധിവാസ പാക്കേജ് എന്നിവ ഉൾപ്പെടെയുള്ള തുകയാണ് ഭൂമി വിട്ടുനൽകുന്ന ഭൂവുടമകൾക്ക് ലഭിക്കുന്നത്.

വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെയുള്ള ആദ്യ റീച്ചിൽ 4.160 കിലോമീറ്ററും കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ വരെയുള്ള രണ്ടാമത്തെ റീച്ചിൽ 3.96 കിലോമീറ്ററും വാളിക്കോട് ജംഗ്ഷൻ മുതൽ പഴകുറ്റി കച്ചേരിനട 11ആം കല്ല് വരെയുള്ള മൂന്നാം റീച്ചിൽ 3.2 കിലോമീറ്ററുമാണ് പദ്ധതി. വഴയില മുതൽ പഴകുറ്റി വരെ 9.5 കിലോമീറ്ററും പഴകുറ്റി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച് കച്ചേരിനട പതിനൊന്നാം കല്ല് വരെയുള്ള 1.240 കിലോമീറ്ററും ഉൾപ്പെടെ 11.24 കിലോമീറ്റർ നീളത്തിലും 21 മീറ്റർ വീതിയിലുമാണ് പാത ഡിസൈൻ ചെയ്തിരിക്കുന്നത്. 15 മീറ്റർ ടാറിംഗും രണ്ട് മീറ്റർ മീഡിയനും ഇരുവശങ്ങളിലുമായി രണ്ട് മീറ്റർ വീതിയിൽ യൂട്ടിലിറ്റി സ്പേസും ഉൾപ്പെടുന്നു.

നാലുവരിപ്പാതയോടനുബന്ധമായ കരകുളം പാലത്തിന്റെയും ഫ്ളൈ ഓവറിന്റെയും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കരകുളം പാലം ജംഗ്ഷനിൽ നിന്ന് 200 മീറ്റർ മാറിയാണ് മേൽപ്പാലം ആരംഭിക്കുന്നത്. ഇരുഭാഗങ്ങളിലുമായി 390 മീറ്റർ അപ്രോച്ച് റോഡും 375 മീറ്റർ ഫ്ളൈ ഓവറും ഉൾപ്പെടെ 765 മീറ്ററാണ് നീളം. ഫ്ളൈ ഓവറിന് 15 മീറ്റർ ടാറിംഗും ഉൾപ്പെടെ 16.75 മീറ്ററാണ് വീതി. നിലവിലെ റോഡ് സർവീസ് റോഡായി ഉപയോഗിക്കാനാണ് പദ്ധതി. മേൽപ്പാല നിർമാണത്തിന് 60 കോടിയുടെ എസ്റ്റിമേറ്റ് കിഫ്ബിക്ക് അംഗീകാരത്തിനായി നൽകിയിട്ടുണ്ട്. സെപ്തംബർ മാസത്തോടെ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

2016-17ലാണ് വഴയില-പഴകുറ്റി നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് അനുമതി ലഭിച്ചത്. 2020ൽ കിഫ്ബിയിൽ നിന്നും സാമ്പത്തികാനുമതിയും ലഭിച്ചു. രണ്ടാം റീച്ചിനുള്ള 173.89കോടി രൂപയുൾപ്പെടെ 291.67 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്.

Story Highlights: Vazhayila-Pazhakuti four-lane road: Rs 117 crore as compensation handed over

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here