24 കണക്ടിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം; നൂറുകണക്കിന് കുട്ടികൾ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

ലോകമെമ്പാടുമുള്ള മലയാളിയെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്ടിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന് കൊച്ചി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ തുടക്കമായി. സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ഉദ്ഘാടനം ചെയ്ത ക്യാമ്പയിൽ സിനിമ സംവിധായകൻ മേജർ രവി മുഖ്യാതിഥിയായിരുന്നു. ലഹരിയോട് ‘നോ’ പറയാൻ പുതുതലമുറ ഒരു മടിയും കാണിക്കരുതെന്ന് പരിപാടിയിൽ പങ്കെടുത്ത 24 ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിലെ നൂറുകണക്കിന് കുട്ടികൾ ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ( 24 connect anti drugs campaign )
ലോക മലയാളിയോടും സ്‌നേഹവും കരുതലും ഈ നാടിന്റെ മുഖമുദ്രയാണെന്ന് വിളിച്ചു പറയുന്ന 24 കണക്ട് ജനത്തിന്റെ മനസറിഞ്ഞാണ് മുന്നേറുന്നത്. അവരുടെ സങ്കടങ്ങളിലും ദുരിതങ്ങളിലും ഒപ്പം നിൽക്കുക എന്ന സന്ദേശമടിത്തറയാക്കിയാണ് മനുഷ്യനെ കാർന്ന് തിന്നുന്ന ലഹരിക്കെതിരായ ബോധവത്കരണ ക്യാമ്പയിൻ. കൊച്ചി കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിലെ കുരുന്നുകളെ സാക്ഷിയാക്കി ലഹരിയെന്ന മിഥ്യാ സ്വർഗത്തിനെതിരായ ക്യാമ്പയിന് തിരികൊളുത്തി.
ലഹരിക്കെതിരായ പോരാട്ടത്തെ കൊച്ചിയിൽ മുന്നിൽ നിന്ന് നയിക്കുന്ന സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ ഐപിഎസായിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. തന്റെ മുന്നിലെത്തുന്ന കേസുകളെ കുറിച്ചുകൂടി സംസാരിച്ച് കുട്ടികളിൽ ലഹരിയുടെ ഉപയോഗം കുറയ്ക്കാനുള്ള സന്ദേശം പകർന്ന് നൽകി കമ്മീഷണർ. ലഹരിയോട് നോ പറയാൻ ഒരു കാരണവശാലും മടി കാണിക്കരുതെന്ന് 24 ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.
സ്‌കൂൾ അധികൃതരും 24 കണക്ട് ടീമും ഒന്നിച്ച് ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഈ ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ വേറിട്ട രീതിയിൽ കേരളത്തിന്റെ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധ പരിപാടികൾക്ക് 24 കണക്ട് നേതൃത്വം വഹിക്കും.
Story Highlights: 24 connect anti drugs campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here