Advertisement

‘ചില സീനുകൾ അഡൾട്ട്സ് ഒൺലി ആയിരുന്നു, ഞങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണോ?’; ആദിപുരുഷിനെതിരെ അലഹബാദ് ഹൈക്കോടതി

June 27, 2023
Google News 2 minutes Read
Allahabad Court criticizes Adipurush

ആദിപുരുഷ് സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി. സിനിമയിലെ സംഭാഷണങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണ്. വലിയ ഒരു വിഭാഗം പ്രേക്ഷകരെ ഇത് അസ്വസ്ഥരാക്കിയിട്ടുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ സഹ എഴുത്തുകാരൻ മനോജ് മുന്തസിർ ശുക്ലയ്ക്ക് കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ നോട്ടീസിനു മറുപടി നൽകണം. (Allahabad Court criticizes Adipurush)

ആദിപുരുഷ് സിനിമ നിരോധിക്കണം എന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. “സിനിമയിലെ സംഭാഷണങ്ങൾ വലിയ പ്രശ്നമാണ്. നമുക്ക് രാമായണം ഒരു അതുല്യ മാതൃകയാണ്. അങ്ങനെയുള്ളവയെ സിനിമ തൊടരുത്. സെൻസർ ബോർഡ് തങ്ങളുടെ കടമ നിർവഹിക്കുന്നുണ്ടോ? സിനിമ കണ്ടിട്ട് ആളുകൾ നിയമം കയ്യിലെടുത്തില്ലെന്നത് നല്ല കാര്യം. ചില സീനുകൾ അഡൾട്ട്സ് ഒൺലിയാണ്. ഇങ്ങനെയുള്ള സിനിമകൾ കാണാൻ വലിയ ബുദ്ധിമുട്ടാണ്.”- അലഹബാദ് ഹൈക്കോടതി പറഞ്ഞു.

സിനിമയ്ക്കെതിരെ വിമർശനം ശക്തമാണ്. മാർവൽ സ്റ്റുഡിയോസിൻ്റെ തോർ എന്ന സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ലൊക്കേഷൻ വിഎഫ്എക്സ്, ആദിപുരുഷ് അതേപടി കോപ്പിയടിച്ചിരിക്കുകയാണെന്ന് നെറ്റിസൻസ് പറയുന്നു. ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകളും ട്വിറ്ററിൽ പ്രചരിക്കുകയാണ്.

Read Also: https://www.twentyfournews.com/2023/06/23/adipurush-team-burn-alive-mukesh-khanna.html

തോർ സിനിമയിലെ പ്രധാന ലോകമായ അസ്ഗാർഡിൽ നിന്നാണ് ആദിപുരുഷ് രാവണൻ്റെ ലങ്ക കോപ്പിയടിച്ചിരിക്കുന്നതെന്നാണ് ആരോപണം. അസ്ഗാർഡ് സ്വർണനിറത്തിലാണെങ്കിൽ ലങ്ക കറുപ്പുനിറത്തിലാണ്. ആദിപുരുഷിലെ ആദ്യ സംഘട്ടനം നടക്കുന്ന സ്ഥലം ജംഗിൾ ബുക്കിലെ സ്ഥലം പോലെയാണെന്നും വാനരസേന കോംഗ് സിനിമയിൽ നിന്ന് പ്രചോദിതരായവരെപ്പോലെയുണ്ടെന്നും നെറ്റിസൻസ് ആരോപിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടിയാണ്. 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

ഹിന്ദു ദേവനായ ശ്രീരാമൻ്റെ കഥയാണ് ആദിപുരുഷ്. ശ്രീരാമനായി പ്രഭാസ് എത്തുമ്പോൾ സീതയായി കൃതി സോനാൻ വേഷമിടുന്നു. സെയ്ഫ് അലി ഖാനാണ് രാവണൻ.

Story Highlights: Allahabad Court criticizes Adipurush

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here