Advertisement

വ്യാജസർട്ടിഫിക്കറ്റ് വിവാദം: പിടിയിലായത് തട്ടിപ്പിന്റെ മാസ്റ്റർ ബ്രെയിൻ? അബിനിൽ നിന്ന് പൊലീസിന് തേടാനുള്ളത് നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ

June 27, 2023
Google News 4 minutes Read
Nikhil Thomas fake certificate case explained who is abin c raj

മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകി എം കോം പ്രവേശനം നേടിയെന്ന കണ്ടെത്തൽ എസ്എഫ്ഐയ്ക്കും സിപിഐഎമ്മിനും സർക്കാരിന് തന്നെയും സൃഷ്ടിച്ച സമ്മർദം ചെറുതല്ല. വ്യാജ സർട്ടിഫിക്കറ്റ് നൽകി തന്നെ മറ്റൊരു മുൻ എസ്എഫ്ഐ നേതാവ് തന്നെ വഞ്ചിച്ചതാണെന്ന് നിഖിൽ പൊലീസിന് മൊഴി നൽകിയതോടെയാണ് അബിൻ സി രാജ് എന്നയാൾ ചിത്രത്തിലേക്ക് രം​ഗപ്രവേശം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയ്ക്കാണ് തനിക്ക് അബിൻ തനിക്ക് വ്യാജ സർട്ടിഫിക്കറ്റ് തന്നതെന്ന് നിഖിൽ തോമസ് മൊഴി നൽകിയ പശ്ചാത്തലത്തിൽ വ്യാജ സർട്ടിഫിക്കറ്റ് മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന ചോദ്യവും ഉയർന്നുവന്നിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കേസിലെ രണ്ടാം പ്രതിയായ അബിൻ സി രാജും പിടിയിലായി. മാലിദ്വീപിൽ നിന്ന് മടങ്ങിയെത്തവേയാണ് കായംകുളം പൊലീസ് ഇയാളെ പിടികൂടുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വിവാദങ്ങളിൽ നിഖിൽ തോമസ് ചെറിയ മീനാണെന്നും അബിനാണ് വമ്പൻ സ്രാവെന്നും സൂചനകൂടിയുള്ള പശ്ചാത്തലത്തിൽ പൊലീസിന് ഇനി അബിനെ വിശദമായി ചോദ്യം ചെയ്ത് കണ്ടെത്താനുള്ളത് നിരവധി സുപ്രധാന ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്. (Nikhil Thomas fake certificate case explained who is abin c raj)

ഇന്റർപോളും റെഡ് കോർണറും വരെ; ഒടുവിൽ പാതിരയോടെ നാടകീയമായ അറസ്റ്റ്

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം കത്തിയ സമയത്തെല്ലാം അബിൻ സി രാജ് മാലിദ്വീപിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതിയായ അബിനെ നാട്ടിലെത്തിക്കാൻ പൊലീസ് വലിയ പരിശ്രമമാണ് നടത്തിയത്. മാലിദ്വീപിൽ നിന്ന് അബിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാനായി കേരളാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം ഉൾപ്പെടെ തേടി. അബിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടീസും ഇറക്കിയിരുന്നു. ഒടുവിൽ റെഡ് കോർണർ നോട്ടീസ് ഇറക്കാൻ ഇരിക്കവേയാണ് അബിൻ നാട്ടിലേക്ക് വന്നത്. രാത്രി പതിനൊന്നരയോടെ അബിൻ വിമാനമിറങ്ങി. ഉടൻ തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുലർച്ചയോടെ ഇയാളെ കായംകുളത്തേക്ക് കൊണ്ടുവന്നു. ഇന്ന് അബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. കായംകുളം എസ് ഐ ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അബിൻ ട്വന്റിഫോറിനോട് പറഞ്ഞത്

കായംകുളം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് അബിന്‍ സി രാജിന്റെ ആദ്യ പ്രതികരണം ട്വന്റിഫോർ ന്യൂസിനോടായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വാര്‍ത്തകള്‍ക്ക് പിന്നാലെ മാലിദ്വീപിലെ ജോലി നഷ്ടമായെന്നും അബിന്‍ സി രാജ് പറഞ്ഞു. പറയാനുള്ളത് പൊലീസിനും കോടതിക്കും മുന്‍പില്‍ പറയും. ഒരു പ്രതിയുടെ മൊഴി കേട്ട് തനിക്കെതിരെ വാര്‍ത്തകള്‍ സൃഷ്ടിച്ചു. തന്റെ നഷ്ടങ്ങള്‍ നികത്താന്‍ ആര്‍ക്കും കഴിയില്ലെന്നും പൊലീസ് കസ്റ്റഡിയിലാകുംമുന്‍പ് അബിന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മെറിറ്റില്‍ കിട്ടിയതായിരുന്നു ജോലി. മാലി ഭരണകൂടം തന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കി. കേസിനെ കുറിച്ച് പൊലീസ് തന്നോട് ബന്ധപ്പെട്ടിരുന്നില്ല. മാലി ദ്വീപ് മുഴുവന്‍ വാര്‍ത്ത പരന്നു. രക്ഷിതാക്കള്‍ തന്നെ അന്വേഷിച്ചിരുന്നെന്നും അബിന്‍ പറഞ്ഞു.

Read Also: അബിൻ സി രാജിനെ അധ്യാപക ജോലിയിൽ നിന്ന് പിരിച്ചുവിട്ട് മാലിദ്വീപ് ഭരണകൂടം; സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കി- [24 exclusive]

ആരാണ് അബിൻ സി രാജ്?

മുന്‍പ് എസ്എഫ്ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിന്‍. രണ്ട് വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വര്‍ഷം മുന്‍പാണ് അബിന്‍ മാലിയിലേക്ക് പോയത്. നിഖിൽ തോമസ് എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ അബിൻ അന്ന് പ്രസിഡന്റായിരുന്നു.

വ്യാജനിലും വഞ്ചനയോ? അബിൻ ചതിച്ചതാണെന്ന് നിഖിൽ

വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ കുടുങ്ങിയതിന് പിന്നാലെയാണ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദവും പുറത്തെത്തുന്നത്. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളേജിൽ എംകോമിന് പ്രവേശനം നടത്തിയെന്നാണ് നിഖിലിനെതിരെ ഉയർന്ന ആരോപണം. ആരോപണം ഉയരുമ്പോൾ കോളേജിലെ രണ്ടാം വർഷ എംകോം വിദ്യാർത്ഥിയായിരുന്നു. 2018-20 കാലഘട്ടത്തിലാണ് എംഎസ്എം കോളേജിൽ നിഖിൽ തോമസ് ബികോമിന് ചേരുന്നത്. 2020 ൽ അവസാനിച്ച അധ്യയന വർഷത്തിൽ ഡിഗ്രി പൂർത്തിയാക്കാത്ത നിഖിൽ തൊട്ടടുത്ത വർഷം അതേ കോളേജിൽ എം.കോമിന് ചേർന്നു. പ്രവേശനത്തിനായി നൽകിയതാകട്ടെ 2019 – 2021 കാലത്തെ കലിംഗ സർവകലാശാലയിലെ ഡിഗ്രി സർട്ടിഫിക്കറ്റും. അതായത്, എംഎസ്എം കോളേജിൽ ഡിഗ്രിക്ക് പഠിച്ചിരുന്ന അതേ കാലയളവിൽ കലിംഗയിലെ ഡിഗ്രി പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ്. കോളേജിൽ നിഖിലിന്റെ ജൂനിയറും എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായ പെൺകുട്ടിയാണ് പരാതി നൽകിയത്.

എന്നാൽ അബിൻ സി രാജ് തന്നെ വ്യാജ സർട്ടിഫിക്കറ്റ് നൽകി വഞ്ചിച്ചെന്നാണ് നിഖിൽ തോമസ് പൊലീസിന് മൊഴി നൽകിയത്. അതായത് അബിന് രണ്ട് ലക്ഷം രൂപ നൽകുമ്പോൾ നിഖിൽ വിചാരിച്ചിരുന്നത് തനിക്ക് ലഭിക്കുന്നത് കലിം​ഗ സർവകലാശാലയുടെ യഥാർത്ഥ സർട്ടിഫിക്കറ്റ് ആണെന്നാണത്രേ. നിഖിലിന് ഒരു ഏജൻസി വഴിയാണ് അബിൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്. അമ്മയുടെ അക്കൗണ്ട് വഴിയാണ് നഖിൽ നൽകിയ രണ്ട് ലക്ഷം രൂപ അബിൻ സ്വീകരിച്ചത്. ഇത് കലിം​ഗയിൽ നിന്ന് ലഭിക്കുന്ന യഥാർത്ഥ സർട്ടിഫിക്കറ്റ് ആണെന്നും ഇത് സമർപ്പിച്ചാൽ മതി എം കോം പ്രവേശനം സാധ്യമാകുമെന്നും തന്നെ അബിൻ ഉപദേശിച്ചെന്നായിരുന്നു നിഖിൽ തോമസ് പൊലീസിന് നൽകിയ മൊഴി.

കൊച്ചിയിലെ ഓറിയോൺ

കൊച്ചിയിലെ ഓറിയോൺ എന്ന സ്ഥാപനം വഴിയാണ് അബിൻ നിഖിലിന് വേണ്ടി കലിം​ഗ സർവകലാശാലയുടെ പേരിലുളള വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയതെന്നാണ് നിഖിൽ തോമസ് പറയുന്നത്. 2022 മുതൽ കൊച്ചി കലൂരിലെ ഈ സ്ഥാപനം പൂട്ടിയ നിലയിലാണ്. വിസ തട്ടിപ്പ് കേസിൽ പ്രതിയായ നടത്തിപ്പുകാരൻ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. നിഖിലിനെ തെളിവെടുപ്പിന് എത്തിക്കുന്നതിന് മുന്നോടിയായി നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനം പൂട്ടിയതായി കണ്ടെത്തിയത്. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് ഇയാളാണെന്ന് തെളിഞ്ഞാൽ കേസിൽ പ്രതിയാക്കും. ഈ സ്ഥാപനം വഴി കൂടുതൽ വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷണവും നടക്കും.

അബിനുമായി ബന്ധപ്പെട്ട് ഇനിയും മറനീക്കി പുറത്തുവരാൻ വ്യാജ സർട്ടിഫിക്കറ്റ് കേസുകളുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്. തിരുവനന്തപുരത്ത് പഠിക്കുന്ന കാലയളവിൽ മറ്റ് സർവകലാശാലകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശിക്കാൻ സഹായം നൽകുന്ന ഒരു ഏജൻസി നടത്തിയിരുന്നു. വിദ്യാർത്ഥികളെ സഹായിക്കുന്നതിനൊപ്പം വ്യാജസർട്ടിഫിക്കറ്റുകളും ഇയാൾ നിർമിച്ച് നൽകിയിട്ടുണ്ടോ എന്നും ചോദ്യം ഉയരുന്നുണ്ട്.

ട്വന്റിഫോർ എക്സ്ക്ലൂസിവ്

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതിയായതോടെ ഇയാളെ മാലി ഭരണകൂടം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അബിൻ സി രാജ് തങ്ങിയത് മാലിദ്വീപിലെ മാലെ സിറ്റിക്കടുത്ത് ഹുൽഹുമലൈ ദ്വീപിലാണ്. മാലെ സിറ്റിയിലെ കലഫാനു സ്കൂളിലെ അധ്യാപകനായിരുന്നു ഇയാള്‍. മലപ്പുറം സ്വദേശി ജുനൈദ് എന്നയാളുടെ ഏജന്‍സി വഴിയാണ് അധ്യാപകരെ മാലദ്വീപില്‍ എത്തിച്ചിരുന്നത്. ജുനൈദിന്റെ മാലദ്വീപിലെ സഹായിയെന്ന നിലയിലാണ് അബിന്റെ പ്രവര്‍ത്തനം. ഇരുവര്‍ക്കുമൊപ്പം ദുബായ് കേന്ദ്രമാക്കിയുള്ള ഇസ്മയില്‍ എന്ന മലയാളിയും ഉൾപ്പെടുന്നു. അബിൻ സി രാജിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയമാണ് അത് അന്വേഷിക്കേണ്ടതെന്നും പ്രിൻസിപ്പൽ ട്വന്റിഫോറിനോട് പറഞ്ഞു.

‘ആളുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അതെല്ലാം സത്യമാണോ എന്ന് അറിയില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കോണ്ട്രാക്ടിലാണ് അയാൾ. അവർ അന്വേഷിക്കുന്നുണ്ട്’- മാലിദ്വീപ് സ്‌കൂളിലെ പ്രിൻസിപ്പൽ പറഞ്ഞു. അബിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ട്വന്റിഫോർ വാർത്താ സംഘം മാലിദ്വീപിൽ എത്തിയിരുന്നു.

Story Highlights: Nikhil Thomas fake certificate case explained who is abin c raj

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here