‘ഉടനെ മരിക്കുകയൊന്നുമില്ല, പത്ത് 40 വര്‍ഷം കൂടെ ഞാനിരിക്കും…ദ ഷോ മസ്റ്റ് ഗോ ഓണ്‍…’; ഇന്നലത്തെ ആ അപൂര്‍വ അനുഭവം പറഞ്ഞ് ടി എസ് രാജു

സ്വന്തം മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത് കാണുകയും പ്രീയപ്പെട്ടവരോടെല്ലാം ഞാന്‍ മരിച്ചിട്ടില്ല എന്ന് വിളിച്ചുപറയുകയും ചെയ്യേണ്ട വന്ന അവസ്ഥയാണ് കഴിഞ്ഞ ദിവസം നടന്‍ ടി എസ് രാജുവിന് ഉണ്ടായത്. ആളുകള്‍ വ്യാപകമായി അനുശോചനം രേഖപ്പെടുത്തുകയും വീട്ടിലേക്ക് എത്തുകയും ബന്ധുക്കള്‍ വിഷമിക്കുകയും ചെയ്‌തെങ്കിലും അതില്‍ ആരോടും പരാതിയോ പരിഭവമോ രാജുവിനില്ല. തന്റെ മരണവാര്‍ത്ത കേട്ട് താന്‍ ഉള്‍പ്പെടെ നാടാകെ ഞെട്ടിയ അപൂര്‍വ അനുഭവം ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ് ടി എസ് രാജു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഫോണ്‍ കോളുകള്‍ക്ക് മറുപടി പറഞ്ഞ് വലഞ്ഞെന്നും രാജു ട്വന്റിഫോറിനോട് പറഞ്ഞു. ജോക്കര്‍ എന്ന സിനിമയിലെ തന്റെ പ്രശസ്തമായ ദ ഷോ മസ്റ്റ് ഗോ ഓണ്‍… എന്ന ഡയലോഗ് നീട്ടിപ്പറഞ്ഞ് താന്‍ ഇനിയും ഒരുപാട് കാലം ജീവിക്കുമെന്ന് പുഞ്ചിരിയോടെ പറയുകയാണ് രാജു. (T S Raju on the fake news that he died yesterday)
ഇന്നലെ ആറ് മണിക്ക് തന്റെ സ്‌നേഹിതന്റെ മകള്‍ ഫോണ്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന് രാജു പറഞ്ഞു. സോഷ്യല്‍ മീഡിയ താന്‍ അധികം ഉപയോഗിക്കാറില്ലായിരുന്നു. ഞാന്‍ മരിച്ചിട്ടില്ല മോളേ എന്ന് പറഞ്ഞ് ആ കുട്ടിയെ സമാധാനിപ്പിച്ചു. പിന്നെ ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു.ഇന്നലെ തന്റെ രണ്ട് ഫോണുകള്‍ക്കും യാതൊരു വിശ്രമവും ലഭിച്ചിട്ടില്ലെന്ന് രാജു പറയുന്നു. എല്ലാ ഫോണുകളും എടുത്ത് ഞാന്‍ മരിച്ചിട്ടില്ലെന്ന് മറുപടി നല്‍കി. ഫോണില്‍ സംസാരിച്ചുകൊണ്ടാണ് ഭക്ഷണം വരെ കഴിച്ചത്. പുറത്തേക്കിറങ്ങാന്‍ നിവൃത്തിയുണ്ടായില്ല. അയല്‍വാസികളൊക്കെ ഞാന്‍ മരിച്ചുകിടക്കുകയാണോ എന്നറിയാനായി വീട്ടിലെത്തി. പണ്ടും ഞാന്‍ മരിച്ചെന്ന് പറഞ്ഞ് ആളുകള്‍ റീത്തൊക്കെ വാങ്ങി വന്നിട്ടുണ്ട്. അനുശോചിക്കുന്നവരോട് പരിഭവമില്ല. നന്ദി മാത്രമേയുള്ളൂ. എന്തായാലും എന്നെ എല്ലാവരും ഓര്‍മിച്ചല്ലോയെന്നും രാജു പറയുന്നു.
തനിക്ക് എണ്‍പതിന് അടുത്ത് വയസുണ്ടെങ്കിലും യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്ന് രാജു പറയുന്നു. ജീവിത ശൈലി രോഗങ്ങള്‍ ഇല്ല. പനി പോലും വന്നിട്ട് കുറേയേറെക്കാലമായി. ഉടനെ ഒന്നും ഞാന്‍ അങ്ങനെ മരിക്കുകയൊന്നുമില്ല. പത്ത് നാല്‍പത് വര്‍ഷം കൂടെ ഞാനിരിക്കും. എന്റെ കൊച്ചുമക്കളുടെ കല്യാണം വരെ കണ്ടിട്ടേ ഞാന്‍ പോകൂ… പുഞ്ചിരിയോടെ രാജുവിന്റെ മറുപടി. ഇനിയും സിനിമകളില്‍ അഭിനയിക്കാനും തനിക്ക് താത്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: T S Raju on the fake news that he died yesterday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here