Advertisement

‘യഥാർത്ഥ വീരന്മാരെക്കുറിച്ച് പഠിക്കണം’; സവർക്കറെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മധ്യപ്രദേശ്

June 29, 2023
Google News 2 minutes Read
MP Govt To Include Veer Savarkar's Biography In State School Syllabus

സംസ്ഥാന പാഠ്യപദ്ധതി പരിഷ്കരിക്കാനൊരുങ്ങി മധ്യപ്രദേശ്. വി.ഡി സവർക്കറുടെ ജീവചരിത്രം പുതിയ സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ തീരുമാനിച്ചു. അതേസമയം തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ യഥാർത്ഥ വിപ്ലവകാരികളെക്കുറിച്ച് മുൻ കോൺഗ്രസ് സർക്കാർ വിദ്യാർത്ഥികളെ പഠിപ്പിക്കാത്തതിനെ വിമർശിച്ച മന്ത്രി, നിലവിലെ ബിജെപി സർക്കാർ യഥാർത്ഥ വീരന്മാരുടെ ജീവചരിത്രം പുതിയ സിലബസിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞു.

സവർക്കർ, ഭഗവദ്ഗീതാ സന്ദേശ്, ഭഗവാൻ പരശുറാം, ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവരുടെ ജീവചരിത്രമാണ് പുതിയ സിലബസിൽ ഉൾപ്പെടുത്തുക. ജീവിതത്തിൽ രണ്ടുതവണ തടവിലാക്കപ്പെട്ട വിപ്ലവകാരികളിൽ ഒരാളാണ് സവർക്കറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടി അദ്ദേഹത്തെ ആദരിക്കണമെന്ന് ഇന്ദർ സിംഗ് പറഞ്ഞു.

അതേസമയം, സവർക്കറെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. തീരുമാനം ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് പറഞ്ഞു. ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയ സവർക്കറെ സിലബസിൽ ഉൾപ്പെടുത്തിയത് സ്വാതന്ത്ര്യ സമര സേനാനികൾക്ക് അപമാനമാണെന്നും മസൂദ് പറഞ്ഞു.

Story Highlights: MP Govt To Include Veer Savarkar’s Biography In State School Syllabus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here