‘മസാലപ്പടങ്ങൾ മാത്രം ഇറങ്ങിയിരുന്ന തീയേറ്റർ മുഖ്യധാര സിനിമകളുടെ തീയേറ്ററാക്കി മാറ്റിയെടുത്ത ഒറ്റയാൾപോരാട്ടം; ഗിരിജക്കൊപ്പം ഞാനും കരഞ്ഞു’; ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിരന്തര സൈബർ ആക്രമണത്തിന്റെ ഇരയായ ഗിരിജ എന്ന തീയറ്റർ ഉടമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശാരദക്കുട്ടി ഭാരതിക്കുട്ടി. ഗിരിജയുടെ ജീവിതം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിലൂടെ പുറത്ത് വന്നിരുന്നു. മസാലപ്പടങ്ങൾ മാത്രം ഉച്ചപ്പടങ്ങളായി ഇറങ്ങിയിരുന്ന ഒരു തീയേറ്ററിനെ മെയിൻ സ്റ്റ്രീം സിനിമകളുടെ തീയേറ്ററാക്കി മാറ്റിയെടുക്കാൻ ഗിരിജ നടത്തിയ ഒറ്റയാൾ പോരാട്ടങ്ങളും അച്ഛൻ തീയേറ്റർ നടത്തിയിരുന്ന കാലത്തും പിന്നീടും ഗിരിജ എന്ന പേര് ചുമന്നു നടക്കുമ്പോൾ താൻ നേരിട്ട ക്രൂരമായ അപമാനങ്ങൾ, ജീവിതത്തിൽ അടിക്കടി ഉണ്ടായ പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും ഗിരിജ പരിപാടിയിൽ വിവരിച്ചു. ഗിരിജയ്‌ക്കൊപ്പം താനും കരഞ്ഞുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ( saradakutty bharathikutty about girija theatres thrissur )
‘ഈ കരച്ചിൽ കേരളം കേൾക്കണം. ഇവർക്ക് സമാധാനജീവിതം നിഷേധിക്കരുത്’- എന്ന വരികളോടെയാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
അതിജീവന വഴിയിലെ കഠിനമായ പോരാട്ടങ്ങളെ കുറിച്ച് തൃശ്ശൂർ ഗിരിജാ തീയേറ്റേഴ്‌സ് ഉടമയായ ഗിരിജ സംസാരിക്കുന്നത് ഒരു മണിക്കൂറോളം ശ്വാസമടക്കിപ്പിടിച്ചാണ് താൻ കേട്ടും കണ്ടുമിരുന്നതെന്ന് ശാരദക്കുട്ടി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
ഈ കരച്ചിൽ കേരളം കേൾക്കണം. ഇവർക്ക് സമാധാനജീവിതം നിഷേധിക്കരുത്. കുറച്ചു നാൾ മുൻപ്, flowers ചാനലിൽ ശ്രീകണ്ഠൻ നായരുമായി തന്റെ അതിജീവന വഴിയിലെ കഠിനമായ പോരാട്ടങ്ങളെ കുറിച്ച് തൃശ്ശൂർ ഗിരിജാ തീയേറ്റേഴ്‌സ് ഉടമയായ ശ്രീമതി ഗിരിജ സംസാരിക്കുന്നത് ഒരു മണിക്കൂറോളം ശ്വാസമടക്കിപ്പിടിച്ചാണ് ഞാൻ കേട്ടും കണ്ടുമിരുന്നത്.
മസാലപ്പടങ്ങൾ മാത്രം ഉച്ചപ്പടങ്ങളായി ഇറങ്ങിയിരുന്ന ഒരു തീയേറ്ററിനെ മെയിൻ സ്റ്റ്രീം സിനിമകളുടെ തീയേറ്ററാക്കി മാറ്റിയെടുക്കാൻ ഗിരിജ നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ . അച്ഛൻ തീയേറ്റർ നടത്തിയിരുന്ന കാലത്തും പിന്നീടും ഗിരിജ എന്ന പേര് ചുമന്നു നടക്കുമ്പോൾ താൻ നേരിട്ട ക്രൂരമായ അപമാനങ്ങൾ, ജീവിതത്തിൽ അടിക്കടി ഉണ്ടായ പരീക്ഷണങ്ങളും പ്രതിബന്ധങ്ങളും . ഒറ്റപ്പെടുത്തിയ ബന്ധുജനങ്ങൾ . ഇതെല്ലാം മറികടന്ന വഴികൾ പറയുമ്പോൾ ഗിരിജക്കൊപ്പം ഞാനും കരഞ്ഞു. ശ്രീകണ്ഠൻ നായരോട് ഗിരിജയുടെ നമ്പർ വാങ്ങി. അപ്പോഴേക്കും രവിമേനോനും നമ്പർ അയച്ചു തന്നു . വളരെ ബഹുമാനത്തോടെ അല്ലാതെ ആ പോരാളിയോട് എനിക്ക് സംസാരിക്കാനാവില്ലായിരുന്നു. സ്ത്രീകൾ അധികമായി ഏറ്റെടുക്കാത്ത തീയേറ്റർ ബിസിനസ് അവർ സമർഥമായാണ് ഒറ്റക്ക് കൈകാര്യം ചെയ്യുന്നത്. മത്സരിക്കുന്നത് വ്യവസായ മേഖലയിലെ വമ്പന്മാരോടാണ് .കുതികാൽ വെട്ടുകാരോടാണ്. ഗിരിജക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ അതിരു കടക്കുന്നു. അവരെ തീയേറ്റർ നടത്താൻ ഒരു കൂട്ടർ അനുവദിക്കുന്നില്ല. ഒരു സംരഭകയ്ക്ക് , കേരളത്തിൽ വിജയകരമായി അതിജീവനം സാധ്യമാണെന്നു തെളിയിച്ച ഗിരിജക്കൊപ്പം നിൽക്കേണ്ടതുണ്ട്. ഗിരിജയെ അറിയില്ലെങ്കിൽ, അവർ നടന്ന കനൽ വഴികൾ അറിയില്ലെങ്കിൽ യു ട്യൂബിൽ അവരുടെ flowers അഭിമുഖം ലഭ്യമാണ്. കമന്റ് ബോക്‌സിൽ അവരുടെ ഇപ്പോഴത്തെ അവസ്ഥ പറയുന്ന Link ഉണ്ട് . ഇപ്പോൾ അവർക്ക് നമ്മുടെ പിന്തുണ ആവശ്യമാണ്. ഒപ്പം നിൽക്കുക പ്രിയരേ..എസ് ശാരദക്കുട്ടി
ഒരു രൂപ പോലും ബുക്കിങ് കമ്മിഷൻ വാങ്ങാതെ സോഷ്യൽ മിഡിയ വഴിയാണ് ഗിരിജ തന്റെ തീയറ്ററിലേക്കുള്ള ബുക്കിങ് നടത്തിയിരുന്നത്. ഈ ബുക്കിങ് അക്കൗണ്ടുകളാണ് 12ലേറെ തവണ സൈബർ ആക്രമണത്തിലൂടെ പൂട്ടിച്ചത്. സർവീസ് ചാർജുകളൊന്നുമില്ലാതെ സ്വന്തമായി ഓൺലൈനിലൂടെ ബുക്കിങ് നടത്തുന്നതാണ് ഡോ.ഗിരിജയുടെ ഗിരിജ തീയറ്റർ. സൈബർ ആക്രമണത്തിലൂടെ ഓരോ തവണ അക്കൗണ്ട് പൂട്ടുമ്പോഴും മറ്റ് അക്കൗണ്ട് തുറന്ന് ഗിരിജ തിരിച്ചെത്തും. എന്നാൽ പൊറുതിമുട്ടിയതോടെ ഒരു സ്വകാര്യ ഏജൻസിയുടെ സഹായം തേടി. അവരുടെ നേതൃത്വത്തിൽ ആരംഭിച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഒടുവിൽ സൈബർ ആക്രമണത്തിൽ നഷ്ടമായത്.
വിഷയത്തിൽ സൈബർ പൊലീസിൽ പരാതി നൽകിയിട്ടും ഫലം കാണാതിരുന്നതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗിരിജ. സൈബർ ആക്രമണത്തിൽ തീയറ്റർ ഉടമകളുടെ സംഘടനയും ഗിരിജയ്ക്ക് പിന്തുണ അറിയിച്ചു. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സൈബർ പൊലീസിനും ഫിയോക് പരാതി നൽകി.
Story Highlights: saradakutty bharathikutty about girija theatres thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here