സൈബര്‍ ആക്രമണത്തില്‍ ഡോ.ഗിരിജയ്ക്ക് പിന്തുണയുമായി ഫിയോക്; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സംഘടന

നിരന്തര സൈബര്‍ ആക്രമണവും ബുക്കിങ് നമ്പറുകളിലേക്ക് അശ്ലീല വിഡിയോകളും സന്ദേശങ്ങളും അയയ്ക്കുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൃശൂര്‍ ഗിരിജ തീയറ്റര്‍ ഉടമ ഡോ. ഗിരിജ. ഒരു രൂപ പോലും ബുക്കിങ് കമ്മിഷന്‍ വാങ്ങാതെ സോഷ്യല്‍ മിഡിയ വഴിയാണ് ഗിരിജ തന്റെ തീയറ്ററിലേക്കുള്ള ബുക്കിങ് നടത്തിയിരുന്നത്. ഈ ബുക്കിങ് അക്കൗണ്ടുകളാണ് 12ലേറെ തവണ സൈബര്‍ ആക്രമണത്തിലൂടെ പൂട്ടിച്ചത്.
സര്‍വീസ് ചാര്‍ജുകളൊന്നുമില്ലാതെ സ്വന്തമായി ഓണ്‍ലൈനിലൂടെ ബുക്കിങ് നടത്തുന്നതാണ് ഡോ.ഗിരിജയുടെ ഗിരിജ തീയറ്റര്‍. സൈബര്‍ ആക്രമണത്തിലൂടെ ഓരോ തവണ അക്കൗണ്ട് പൂട്ടുമ്പോഴും മറ്റ് അക്കൗണ്ട് തുറന്ന് ഗിരിജ തിരിച്ചെത്തും. എന്നാല്‍ പൊറുതിമുട്ടിയതോടെ ഒരു സ്വകാര്യ ഏജന്‍സിയുടെ സഹായം തേടി. അവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ഒടുവില്‍ സൈബര്‍ ആക്രമണത്തില്‍ നഷ്ടമായത്.
വിഷയത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലം കാണാതിരുന്നതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഗിരിജ. സൈബര്‍ ആക്രമണത്തില്‍ തീയറ്റര്‍ ഉടമകളുടെ സംഘടനയും ഗിരിജയ്ക്ക് പിന്തുണ അറിയിച്ചു. മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും സൈബര്‍ പൊലീസിനും ഫിയോക് പരാതി നല്‍കി.
Story Highlights: Theatre owners support Dr Girija
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here