Advertisement

‘കണ്ണുനീര്‍ വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്നവരോട് പുച്ഛം’; കോണ്‍ഗ്രസിനെതിരെ ശാരദക്കുട്ടി

May 9, 2022
Google News 2 minutes Read

പി ടി തോമസ് ജീവിച്ച കാലമത്രയും തഴഞ്ഞ ശേഷം സഹതാപം ആവശ്യം വന്നപ്പോഴാണ് കോണ്‍ഗ്രസ് ഉമ തോമസിന്റെ നേതൃപാടവം തിരിച്ചറിഞ്ഞതെന്ന ആക്ഷേപവുമായി എഴുത്തുകാരി എസ് ശാരദക്കുട്ടി. ഉമ തോമസ് മികച്ച സ്ഥാനാര്‍ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് ചതിയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണുള്ളത്. ജയിച്ചാല്‍ കണ്ണുനീര്‍ ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര്‍ തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണമെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ വിമര്‍ശനം. (saradakkutty against uma thomas candidacy )

സഹതാപം മാത്രം ലക്ഷ്യമിട്ടാണ് അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് എല്‍ഡിഎഫ് വ്യാപക വിമര്‍ശനമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ശാരദക്കുട്ടിയുടെ പ്രതികരണം. എന്നാല്‍ ഉമ തോമസ് പ്രവര്‍ത്തന പരിചയമുള്ള മികച്ച സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് ഈ വിമര്‍ശനങ്ങളെ പ്രതിരോധിച്ചിരുന്നത്. ഇതിനെതിരെയാണ് ശാരദക്കുട്ടി ആഞ്ഞടിച്ചിരിക്കുന്നത്. പി.ടി യുടെ തുടര്‍ച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി.ടി.ക്കും മേലെയാണ് അവര്‍ എന്നു തെളിയിക്കാന്‍ ഉമ തോമസിന് മുന്‍പേ കഴിയുമായിരുന്നെന്നും പാര്‍ട്ടി അവസരം നല്‍കിയിരുന്നില്ലെന്നും ശാരദക്കുട്ടി പോസ്റ്റിലൂടെ സൂചിപ്പിച്ചു.

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉമാ തോമസ് അത്ര മികച്ച സ്ഥാനാര്‍ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ് !! പി.ടി യുടെ തുടര്‍ച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി.ടി.ക്കും മേലെയാണ് അവര്‍ എന്നു തെളിയിക്കാന്‍ കഴിയുമായിരുന്നുവല്ലോ മുന്‍പേ തന്നെ. അപ്പോള്‍ അതൊന്നുമല്ല കാര്യം.

സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛം . ജയിച്ചാല്‍ കണ്ണുനീര്‍ ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര്‍ തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണം.

Story Highlights: saradakkutty against uma thomas candidacy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here