Advertisement

സമാധാനം തിരികെ കൊണ്ടുവരാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം; മണിപ്പൂര്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് ബിജെപി അധ്യക്ഷ

July 1, 2023
Google News 2 minutes Read
BJP Manipur chief appreciates Rahul Gandhi's visit

രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ അഭിനന്ദിച്ച് ബിജെപി മണിപ്പൂര്‍ ഘടകം. നിലവിലെ സാഹചര്യത്തില്‍ മണിപ്പൂര്‍ സന്ദര്‍ശിച്ചതിന് അഭിനന്ദനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവി പറഞ്ഞു. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
വംശീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മണിപ്പൂരിലെ നിലവിലെ അവസ്ഥയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും എ ശാരദാ ദേവി കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ബിഷ്ണുപുരിലും മൊയ്‌റാങിലും സന്ദര്‍ശനം നടത്തി. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ആളുകളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. ഗവര്‍ണര്‍ അനസൂയ യു.കെയെയും രാഹുല്‍ ഗാന്ധി കണ്ടു.

‘മണിപ്പൂരിലെ സഹോദരങ്ങളെ കേള്‍ക്കാനാണ് ഞാന്‍ വന്നത്. എല്ലാ സമുദായങ്ങളിലെയും ആളുകള്‍ എന്നെ സ്വാഗതം ചെയ്യുകയും സ്‌നേഹിക്കുകയും ചെയ്തു. മണിപ്പൂരിലെ ജനതയെ കാണാനെത്തിയ എന്നെ സര്‍ക്കാര്‍ തടഞ്ഞത് വളരെ ദൗര്‍ഭാഗ്യകരമാണ്. സമാധാത്തിന് മാത്രമാണ് ഞങ്ങളുടെ മുന്‍ഗണന’. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഈ മാസം അഞ്ച് വരെ നീട്ടി. സ്‌കൂളുകളും അടച്ചിട്ടു. മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ രാജിനാടകത്തിലും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിലും കോണ്‍ഗ്രസ് -ബിജെപി വാക്‌പോരുണ്ടായി. മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാരെ വെല്ലുവിളിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also: ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കെതിര്; ഏകീകൃത സിവില്‍ കോഡിനെ വിമര്‍ശിച്ച് കോണ്‍റാഡ് സാങ്മ

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്ന ഇന്‍ഫാലില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കലാപം തുടരുന്ന സാഹചര്യത്തില്‍ കരസേനയുടെയും അര്‍ധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപ്പിച്ചു. സംഘര്‍ഷ സാധ്യതയുള്ള ജില്ലകളില്‍ സുരക്ഷാച്ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നല്‍കാനാണ് നീക്കം. കലാപകാരികളുടെ ഗ്രാമങ്ങള്‍ കടന്നുള്ള സഞ്ചാരം പൂര്‍ണമായി തടയുന്ന നടപടിയും സേന സ്വീകരിക്കും. പൊലീസിനെ കൂടാതെ കേന്ദ്രസേനങ്ങളുടെ വന്‍ വിന്യാസമാണ് നിലവില്‍ മണിപ്പൂരില്‍ ഉള്ളത്. കലാപബാധിത മേഖലയില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ കഴിഞ്ഞതില്‍ രാഹുല്‍ സന്തുഷ്ടവാനാണെന്ന് പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. കേന്ദ്രമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് കെസി വേണുഗോപാല്‍ മറുപടി നല്‍കി.

Story Highlights: BJP Manipur chief appreciates Rahul Gandhi’s visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here