കർണാടകത്തിലെ നഴ്സിംഗ് തട്ടിപ്പ്: അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്, 24 ഇംപാക്ട്

കർണാടകത്തിൽ നഴ്സിംഗ് പഠനത്തിൻ്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവിക്കാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ‘പഠന തട്ടിപ്പും പകൽക്കൊള്ളയും’ എന്ന 24 വാർത്താ പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി. 24 ബിഗ് ഇംപാക്ട്.
24 പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി. കൊവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിംഗ് പഠനത്തിന് താൽപ്പര്യം വർധിച്ചത്. ഏറ്റവുമധികം മലയാളി വിദ്യാർത്ഥികൾ നേഴ്സിംഗ് പഠിക്കാൻ എത്തുന്നത് കർണാടകത്തിലെ കോളജുകളിലാണ്. 1100 ഓളം നേഴ്സിംഗ് കോളജുകൾ ബംഗളുരുവിലുണ്ട്. ബംഗളുരുവിലെ നഴ്സിംഗ് കോളജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്. കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്.
ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ സർക്കാർ അംഗീകരിച്ച ഫീസ് 65000 രൂപ മാത്രമാണ്. കോളജിൽ നേരിട്ട് എത്തിയാൽ പ്രവേശനം ലഭിക്കില്ല. ഏജൻറുമാർ വഴി പോകണം. കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ ദൗർലഭ്യമാണ് വിദ്യാർത്ഥികളെ കർണാടകത്തിലെത്തിക്കുന്നത്. പതിനായിരക്കണക്കിന് കുട്ടികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നുണ്ട്. പ്രമുഖ കോളജുകളുടെ വ്യാജ അഡ്മിഷൻ ലറ്ററും നൽകും. അംഗീകാരമില്ലാത്ത കോളജുകളിൽ കൊണ്ടിരുത്തി കബളിപ്പിക്കുന്നതും പതിവാണ്. ഈ വാർത്തയാണ് ‘പഠന തട്ടിപ്പും പകൽക്കൊള്ളയും’ എന്ന പരമ്പരയിലൂടെ 24 പുറത്തുകൊണ്ടുവന്നത്.
Story Highlights: Nursing fraud in Karnataka: Human Rights Commission orders to investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here