‘കോൺഗ്രസിലേക്കില്ല, രാഷ്ട്രീയത്തിൽ നിന്ന് ഇടവേള എടുക്കുന്നു’; ബിജെപി ദേശീയ സെക്രട്ടറി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ, താൻ പാർട്ടി വിട്ട് കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. രാഹുൽ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും താൻ രണ്ടുതവണ നേരിട്ട് കണ്ടുവെന്ന വാർത്തകൾ പൂർണമായും തെറ്റാണ്. റിപ്പോർട്ട് പ്രസിദ്ധീകരിച്ച വാർത്താ ചാനലിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും പങ്കജ മുണ്ടെ.
പങ്കജ മുണ്ടെ ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച വാർത്താസമ്മേളനം നടത്തി പങ്കജ തൻ്റെ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിൽ ചേരില്ലെന്ന് ഉറപ്പിച്ച പങ്കജ മുണ്ടെ, രാഷ്ട്രീയത്തിൽ നിന്ന് താത്കാലിക ഇടവേള എടുക്കുകയാണെന്നും പറഞ്ഞു. താൻ കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ പൂർണമായും തെറ്റാണ്. തന്റെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പങ്കജ മുണ്ടെ ആരോപിച്ചു.
തനിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. ഈ വാർത്ത സംപ്രേഷണം ചെയ്ത ടിവി ചാനലിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്നും വാർത്താ സമ്മേളനത്തിൽ പങ്കജ മുണ്ടെ പറഞ്ഞു. 20 വർഷമായി പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടും എൻ്റെ ധാർമ്മികത ചോദ്യം ചെയ്യപ്പെടുന്നു. എനിക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സോണിയ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ കണ്ടിട്ടില്ലെന്ന് സത്യം ചെയ്യുന്നു, ഞാൻ മറ്റൊരു പാർട്ടിയിലും ചേരുന്നില്ല. ബിജെപിയുടെ പ്രത്യയശാസ്ത്രം എന്റെ രക്തത്തിലുണ്ട്. അടൽ ബിഹാരി വാജ്‌പേയിയും ഗോപിനാഥ് മുണ്ടെയും കാട്ടിത്തന്ന പാതയിലൂടെയാണ് ഞാൻ സഞ്ചരിക്കുന്നത് – പങ്കജ മുണ്ടെ വ്യക്തമാക്കി.
പാർട്ടി പ്രവർത്തനങ്ങളുടെ തിരക്കുകൾ കാരണം മാനസികമായും ശാരീരികമായും താൻ വളരെ ക്ഷീണിതയാണെന്നും മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ കൂടിയായ പങ്കജ മുണ്ടെ കൂട്ടിച്ചേർത്തു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയുന്നില്ല. അടുത്ത 2 മാസത്തേക്ക് ഇടവേള എടുത്ത് രാഷ്ട്രീയത്തെയും കുടുംബ കാര്യങ്ങളെയും കുറിച്ച് ആത്മപരിശോധന നടത്തുമെന്നും പങ്കജ മുണ്ടെ വ്യക്തമാക്കി.
Story Highlights: Not Joining Congress, Many BJP MLAs Are Dissatisfied: Pankaja Munde