വാഹനം വില്‍ക്കാം സമാധാനമായി; ഊരാക്കുടുക്കാകാതിരിക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വാഹനം വില്‍ക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടാതായിട്ടുണ്ട്. വാഹനം കൈമാറി കഴിഞ്ഞു രജിസ്‌ട്രേഷന്‍ പഴയ ഉടമസ്ഥന്റെ പക്കല്‍ തന്നെ തുടരുന്നത് പല പ്രശ്‌നങ്ങള്‍ക്കും വഴിവക്കാറുണ്ട്. പേരുമാറ്റാതെ വാഹനം കൈമാറ്റം ചെയ്യപ്പെടുന്നതുമൂലമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. (Things to keep in mind when selling vehicle)
ഒരു വാഹനം കൈമാറ്റം ചെയ്യപ്പെട്ടാലും മറ്റ് എഗ്രിമെന്റുകള്‍ എഴുതിയാലും പുതിയ ആളുടെ പേരിലേക്ക് രജിസ്റ്ററിങ് അതോറിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ച്, പേരുമാറ്റാത്തിടത്തോളം കാലം നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഉടമസ്ഥന്‍ ആണ് എല്ലാ ബാധ്യതകള്‍ക്കും കേസുകള്‍ക്കും ബാധ്യസ്ഥമാകുന്നതെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്. സ്വന്തം വാഹനം കൈമാറ്റം ചെയ്യുന്നതിന് മുമ്പ് ആ വാഹനത്തിന്റെ ഉടമസ്ഥത പുതിയ ആളിലേക്ക് മാറ്റുന്നു എന്നുള്ളത് സ്വന്തം ഉത്തരവാദിത്തമായി നിലവിലുള്ള ഉടമ ഏറ്റെടുക്കേണ്ടതുണ്ട്.
പേരുമാറ്റാതെ തുടര്‍വന്നാല്‍ വാഹനം ഏതെങ്കിലും അപകടത്തില്‍ പെട്ടാലോ ട്രാഫിക് നിയമലംഘനത്തിനുള്ള ക്യാമറയിലോ മറ്റു കേസുകളിലോ ഉള്‍പ്പെട്ടാലോ ഏതെങ്കിലും ക്രിമിനല്‍ കേസുകള്‍ക്ക് ഉപയോഗിക്കപ്പെട്ടാലോ വാഹനത്തിന്റെ ഉടമയ്ക്ക് കോടതികള്‍ കയറേണ്ട സാഹചര്യം ഉണ്ടാകും.
ഇത് ഒഴിവാക്കുന്നതിനായി വാഹനം വാങ്ങുന്ന ആളുടെ അഡ്രസ് പ്രൂഫ് വാങ്ങി പരിവാഹന്‍ സേവ എന്ന സൈറ്റ് വഴി നിലവിലുള്ള ഉടമസ്ഥന്റെയും വാങ്ങുന്ന ആളുടെയും മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി എന്റര്‍ ചെയ്തു അപേക്ഷ സമര്‍പ്പിക്കുകയും അതിന് ആയതിന്റെ പ്രിന്റ് എടുത്ത് ഒപ്പിട്ട് ഒറിജിനല്‍ ആര്‍സി ബുക്കും മറ്റ് രേഖകളും സഹിതം സ്വന്തം പരിധിയിലുള്ള ഓഫീസില്‍ സമര്‍പ്പിച്ചാല്‍ പുതിയതായി വാങ്ങിയ ആളുടെ പേരിലേക്ക് സ്പീഡ് പോസ്റ്റില്‍ പേരുമാറ്റിയതിനുശേഷം ആര്‍ സി ബുക്ക് അയച്ചു നല്‍കുന്നതുമാണ്.
ആധാര്‍ അധിഷ്ഠിത ഫേസ് ലെസ് സര്‍വീസ് ആണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഒറിജിനല്‍ ആര്‍സി ബുക്ക് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കാതെ തന്നെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാനും ഒറിജിനല്‍ ആര്‍സി ബുക്ക് പുതിയ ഉടമസ്ഥന് നല്‍കി കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കുകയും ചെയ്യാവുന്നതാണ്.
Story Highlights: Things to keep in mind when selling vehicle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here