കൊല്ലത്താകെ നിറഞ്ഞുനിന്ന മനുഷ്യസ്‌നേഹിയായ രവി മുതലാളി, സാംസ്‌കാരിക കേരളത്തിന് തീരാ നഷ്ടം: അച്ചാണി രവിയെക്കുറിച്ച് ആര്‍ ശ്രീകണ്ഠന്‍ നായര്‍

ചലച്ചിത്ര നിര്‍മാതാവും വ്യവസായിയുമായ അച്ചാണി രവിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ട്വന്റിഫോര്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. അച്ചാണി രവിയുടെ വിയോഗം സാംസ്‌കാരിക കേരളത്തിനും ചലച്ചിത്ര ലോകത്തിനും കൊല്ലം നിവാസികള്‍ക്കും തീരാ നഷ്ടമാണെന്ന് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. സമ്പത്തിന്റെ ഏത് ഉന്നതിയില്‍ നിന്നാലും സ്വാര്‍ത്ഥനാകാതിരിക്കുക എന്ന പാഠം പകര്‍ന്നുകൊണ്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. എക്കാലത്തും മനുഷ്യര്‍ക്കൊപ്പം നിന്ന മനുഷ്യരെ സ്‌നേഹിച്ച ഒരു ഹ്യുമനിസ്റ്റായിരുന്നു അച്ചാണി രവിയെന്നും ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. (R Sreekandan Nair on achani ravi)
അടൂര്‍ ഗോപാലകൃഷ്ണന്റേയും അരവിന്ദന്റേയും കലാമൂല്യമുള്ള മികച്ച സിനിമകള്‍ക്ക് കാരണക്കാരനായത് അച്ചാണി രവിയായിരുന്നുവെന്ന് ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാത്ത ഒരു നിര്‍മാതാവായിരുന്നു അദ്ദേഹം. അദ്ദേഹം നിര്‍മിച്ച പല ചിത്രങ്ങളും ബോക്‌സ് ഓഫിസില്‍ വിജയമായിരുന്നില്ല. എങ്കിലും അവ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
കൊല്ലത്ത് ആകെ നിറഞ്ഞ് നിന്നിരുന്ന ആളായിരുന്നു അച്ചാണി രവിയെന്ന് ശ്രീകണ്ഠന്‍ നായര്‍ ഓര്‍ത്തെടുക്കുന്നു. കൊല്ലത്തുകാര്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ രവി മുതലാളിയെന്നാണ് വിളിക്കുന്നത്. അദ്ദേഹം നിര്‍മിച്ച വായനശാല ഇപ്പോളും കൊല്ലത്ത് പ്രവര്‍ത്തിക്കുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ വലിയ താത്പര്യമുള്ള അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തികമായും സഹായിച്ചിരുന്നു. ഒരിക്കല്‍ കൊല്ലത്തുവച്ച് മോര്‍ണിംഗ് ഷോ നടത്തണമെന്നും അച്ചാണി രവിയുടെ വാക്കുകള്‍ ജനങ്ങളെ കേള്‍പ്പിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അപ്പോഴേക്കും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ കൊണ്ട് സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിയിരുന്നു. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. അച്ചാണി രവിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ വ്യക്തിപരമായി പങ്കുചേരുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights: R Sreekandan Nair on achani ravi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here