സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്? താരങ്ങളെ വാരിക്കൂട്ടാന്‍ മോഹന്‍ബഗാന്‍

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍താരം സഹല്‍ അബ്ദുള്‍ സമദിനെ ക്ലബ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങുന്ന താരത്തെ സ്വന്തമാക്കാന്‍ കോടികള്‍ മുടക്കാന്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് തയ്യാറായതായി ഐഎഫ്ടിഡബ്ല്യുസി റിപ്പോര്‍ട്ട് ചെയ്യുന്നു. (Mohun Bagan set to record transfer fee with Kerala Blasters for Sahal Abdul Samad)
ട്രാന്‍സ്ഫര്‍ ഫീയായി 2.5 കോടി രൂപയും ഒരു താരത്തെയും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. സഹലിനെ മോഹന്‍ബഗാന്‍ സ്വന്തമാക്കിയാല്‍ പകരം ലിസ്റ്റന്‍ കൊളാസോയെ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചേക്കും. കൂടാതെ ബഗാന്‍ പ്രതിരോധ താരം പ്രീതം കോട്ടാലിനെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
നേരത്തെ ചെന്നൈ താരമായ അനിരുഥ് ഥാപ്പയെ പൊന്നുവിലക്ക് സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ പ്രതിരോധ താരം അന്‍വര്‍ അലിയെ മോഹന്‍ബഗാന്‍ ടീമിലെത്തിച്ചിരുന്നു. അടുത്ത സീസണ് മുന്നോടിയായി ടീം മികച്ച താരങ്ങളെ എത്തിച്ച് ടീം ശക്തിപ്പെടുത്താനാണ് നിലവിലെ ചാമ്പ്യന്മാര്‍ ശ്രമിക്കുന്നത്. സഹലിനെ ക്ലബ് സ്വന്തമാക്കാന്‍ താത്പര്യപ്പെടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
2017ലാണ് 26കാരനായ സഹല്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. ഐഎസ്എല്ലില്‍ ഇതുവരെ 90 മത്സരങ്ങള്‍ കളിച്ച സഹല്‍ ദേശീയ ടീമിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2025 വരെ സഹലുമായി കേരള ബ്ലാസ്റ്റേഴ്‌സിന് കരാറുണ്ട്. 2.2 കോടി രൂപയാണ് താരത്തിന്റെ മാര്‍ക്കറ്റ് മൂല്യം.
Story Highlights: Mohun Bagan set to record transfer fee with Kerala Blasters for Sahal Abdul Samad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here