Advertisement

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

July 10, 2023
Google News 2 minutes Read
Muthalappozhi issue case against father Eugene Perera

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തു. അഞ്ചുതെങ്ങ് പൊലീസാണ് ഫാ. യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തത്. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കലാപാഹ്വാനത്തിനും റോഡ് ഉപരോധത്തിനുമായി രണ്ട് കേസുകളാണ് എടുത്തത്. (Muthalappozhi issue case against father Eugene Perera)

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം അപകടത്തില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ ഇന്ന് സന്ദര്‍ശനം നടത്തിയിരുന്നത്. അപകടം നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി ആര്‍ അനില്‍ എന്നിവരെ ഫാദര്‍ യൂജിന്‍ പെരേരയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന് മന്ത്രിമാര്‍ ആരോപിച്ചു. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. ഇതാണ് കേസിനാധാരമായത്.

Read Also:ഭാവിയില്‍ മനുഷ്യനെതിരെ പ്രവര്‍ത്തിക്കുമോ? യുഎന്‍ ഉച്ചകോടിയില്‍ ഉത്തരവുമായി റോബോട്ട്

ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് പുതുക്കുറിച്ചി സ്വദേശി ആന്റണി ലോപ്പസിന്റെ പരലോകമാത എന്ന ബോട്ട് അപകടത്തില്‍പ്പെടുന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേരും കടലിലേക്ക് വീണു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെ കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു സ്റ്റീഫന്‍ ബിജു ആന്റണി റോബിന്‍ എന്നിവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ഉച്ചയോടെ അപകടസ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിമാരായ ആന്റണി രാജു വി ശിവന്‍കുട്ടി ജി ആര്‍ അനില്‍ എന്നിവരെ ഫാദര്‍ യൂജിന്‍ പരേരയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തടയുകയായിരുന്നു. മന്ത്രിമാരെത്തിയത് മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാന്‍ ആണെന്നും സിപിഎം നേതാക്കളുടെ സംരക്ഷണ വലയത്തിലാണ് അവര്‍ എത്തിയതെന്നും യുജിന്‍ പെരേര ആരോപിച്ചിരുന്നു.

പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഫാദര്‍ യൂജിന്‍ പെരേരയാണെന്ന് മൂന്ന് മന്ത്രിമാരും പ്രസ്താവനയിലൂടെ അറിയിച്ചു. വിഴിഞ്ഞം സമരം നിര്‍ത്തി വെക്കേണ്ടി വന്ന പ്രതികാരമാണ് യൂജിന്‍ പെരേര ഇന്ന് മന്ത്രിമാരോട് കാണിച്ചതെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു. എന്നാല്‍ മുതലപ്പൊഴിയില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചത് മന്ത്രിമാരാണെന്നും ഫാദര്‍ യൂജിന്‍ പെരേരയ്ക്ക് എതിരായ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശം അപക്വമെന്നും വി.ഡി സതീശന്‍ പറഞ്ഞു. മുതലപ്പൊഴിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടത്തില്‍ പ്രതിഷേധിച്ച് പെരുമാതുറ മുതലപ്പൊഴി പാലവും പുതുക്കുറിച്ചി റോഡും മത്സ്യത്തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു.

Story Highlights: Muthalappozhi issue case against father Eugene Perera

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here