Advertisement

ഹിമാചൽ പ്രളയ രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത് മലയാളി ഐപിഎസുകാരി; ഇത് പാലക്കാട്ടുകാരി സൗമ്യ

July 11, 2023
Google News 0 minutes Read
Soumya Sambasivan is leading Himachal flood rescue operation

കുത്തിയൊലിച്ചുവരുന്ന ജലപ്രവാഹത്തില്‍ വീടുകള്‍ മാത്രമല്ല, കൂറ്റന്‍ മരങ്ങള്‍ പോലും നിമിഷ നേരം കൊണ്ട് നിലംപൊത്തുന്ന ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ ഹിമാചല്‍ പ്രദേശില്‍. അതിസുന്ദരമെന്ന് പേരുകേട്ട നാട്ടില്‍ നിന്ന് ഇപ്പോള്‍ വരുന്നതെല്ലാം അസ്വസ്ഥതപ്പെടുത്തുന്ന ദൃശ്യങ്ങളാണ്. മിന്നല്‍ പ്രളയത്തില്‍ മരണം തൊട്ടടുത്തേക്ക് ഒലിച്ചെത്തുകയാണെങ്കിലും ജീവന്‍ പോലെ തന്നെ പ്രധാനപ്പെട്ട വീടും സമ്പാദ്യങ്ങളും പിന്നിലുപേക്ഷിച്ച് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹിമാലചിലെ മണ്ടി നിവാസികള്‍.

ഹൈ റിസ്‌ക് പ്രദേശങ്ങളില്‍ നിന്ന് ആളുകളെയെല്ലാം ഒഴിപ്പിച്ചെടുക്കുക എന്നത് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്തമാണ്. വീട് വിട്ട് ഇറങ്ങില്ലെന്ന് ശഠിച്ച ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിയണമെന്ന് പറഞ്ഞ് മനസിലാക്കുന്ന ദൗത്യം സര്‍ക്കാര്‍ മണ്ടിയിലെ ഒരു എസ് പിയെയാണ് ഏല്‍പ്പിച്ചത്. ആളുകളെ വെറുതെ ബലമായി വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നില്ല വേണ്ടത്. അവരുടെ വൈകാരികതകളെക്കൂടി ഉള്‍ക്കൊണ്ട് അവരെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി ഒഴിപ്പിക്കണമായിരുന്നു. പൂ പറിക്കുന്നത് പോലെ എളുപ്പമുള്ള കാര്യമേയല്ല അത്. എങ്കിലും മണ്ടിയിലെ ലേഡി എസ് പി ആ ദൗത്യം ഏറ്റെടുത്തു. ഒന്നൊന്നായി ആളുകളെ ഒഴിപ്പിച്ചു. ആ ഓഫിസര്‍ യഥാര്‍ത്ഥത്തില്‍ ഹിമാചല്‍ പ്രളയത്തിലെ സൂപ്പര്‍ കോപ്പായി മാറി. ആളൊരു പാലക്കാടുകാരിയാണ്. പേര് സൗമ്യ സാംബശിവന്‍…

ജഗ്ഗികളില്‍ താമസിക്കുന്ന 80 പേരെയാണ് സൗമ്യ സാംബശിവനും സംഘവും ഒഴിപ്പിക്കുന്നത്. ഇനിയും ഒഴിയാന്‍ മടിക്കുന്ന ആളുകള്‍ ഉണ്ടെന്നതിനാല്‍ സൗമ്യവും സംഘവും ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് മാണ്ഡിയിലെ നാഗ്വിയില്‍ ആറ് പേര് ഒറ്റപ്പെട്ടത് ഉള്‍പ്പെടെയുള്ള സാഹചര്യമുണ്ടായിരുന്നു. മണ്ണിടിച്ചിലും മഴയും കുത്തിയൊലിച്ചുവരുന്ന ചെളിവെള്ളവും നിറഞ്ഞ വഴികളിലെത്തി, ദുരിത ബാധിത മേഖലകള്‍ ഉടനീളം സഞ്ചരിച്ച്, ജീവിച്ച സ്ഥലം വിട്ടുപോകില്ല എന്ന് ഉറപ്പിച്ചവരെ ഒഴിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സൗമ്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. ദുരിതപ്പെയ്ത്തിനിടെ സൗമ്യയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ വീടുകളിലുമെത്തി വീട്ടുകാരെ നേരില്‍ക്കണ്ട് സംസാരിക്കുന്ന വിഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. നദിയുടെ തീരത്ത് താമസിക്കുന്ന, ഹൈ റിസ്‌ക് വിഭാഗത്തിലുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചിട്ടുണ്ടെന്നാണ് സൗമ്യ പറയുന്നത്.

2010 ബാച്ചിലെ ഐപിഎസ് ഓഫീസറായ സൗമ്യ ഇതിനോടകം തന്നെ ഹിമാചലിലെ സ്ട്രിക് പൊലീസ് ഓഫിസറെന്ന നിലയില്‍ വലിയ ഖ്യാതി നേടിയിട്ടുണ്ട്. കര്‍ക്കശക്കാരിയെന്ന് പേരുകേട്ടിട്ടുണ്ടെങ്കിലും കാക്കിയ്ക്കുള്ളില്‍ ഒരു കവയത്രിയെക്കൂടി സൂക്ഷിക്കുന്ന ആളാണ് സൗമ്യ. സൗമ്യയുടെ താര ദി എന്‍ചാണ്ട്രസ് എന്ന കവിതാ പുസ്തകം സംസാരിക്കുന്നത് സ്ത്രീകളുടെ സ്‌നേഹത്തിന്റേയും കരുതലിന്റേയും ശക്തിയെക്കുറിച്ചാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടികളെ പെപ്പര്‍ സ്പ്രേ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന ഒരു വിഡിയോയിലൂടെയാണ് സൗമ്യ സാംവശിവന്‍ എന്ന പേര് മാധ്യമങ്ങളില്‍ നിറയുന്നത്. തന്റെ ഓഫിസില്‍ വച്ച് സൗമ്യ ചില പെണ്‍കുട്ടികളെ കുരുമുളക് സ്പ്രേ ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന വിഡിയോ വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു.

സിര്‍മൗറില്‍ എസ്പിയായി സേവനമനുഷ്ഠിക്കവേയാണ് അവിടെയുള്ള പെണ്‍കുട്ടികളെ സൗമ്യ കുരുമുളക് സ്പ്രേ ഉണ്ടാക്കാന്‍ പഠിപ്പിച്ചത്. ലൈംഗികച്ചുവയുള്ള സംസാരങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനാണ് താന്‍ അത് പഠിപ്പിച്ചതെന്ന് സൗമ്യ വിശദീകരിക്കുന്നു. എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉണ്ടായാലും തന്റെ പെപ്പര്‍ സ്പ്രേ വിഡിയോ മൂലം സിര്‍മൗറിലെ പെണ്‍കുട്ടികള്‍ക്ക് കുറച്ച് മനസമാധാനം കിട്ടിയതായും പിന്നീട് ദി വീക്കെന്‍ഡ് ലീഡറില്‍ വന്ന അഭിമുഖത്തില്‍ സൗമ്യ പറഞ്ഞു. എച്ച്എസ്ബിസി ബാങ്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഐപിഎസ് നേടുന്നത്.

ഹിമാചലിലെ കോട്ട്ഖായില്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായ സമയത്ത് ഹിമാചല്‍ പൊലീസ് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അന്ന് ഡബ്ല്യു നേഗിയെ സ്ഥലം മാറ്റിക്കൊണ്ടാണ് സൗമ്യയെ എസ്പിയായി നിയമിക്കുന്നത്. ഷിംലയില്‍ നിയമിതയാകുന്ന ആദ്യ വനിതാ ഐപിഎസ് ഓഫിസറാണ് സൗമ്യ. പിന്നീടങ്ങോട്ട് ക്രിമിനലുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തതിന്റെ പേരില്‍ ഹിമാചലില്‍ സൗമ്യയ്ക്ക് വലിയ ആരാധകരേയും സൃഷ്ടിക്കാന്‍ കഴിഞ്ഞു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here